Uncategorized

അളവിൽ കൂടുതൽ എച്ച്.എം വലകൾ, കണവയെ പിടിക്കാൻ അനധികൃത കൃത്രിമ പാര്; 8 വള്ളങ്ങൾ പിടികൂടി, 4.37 ലക്ഷം പിഴ ചുമത്തി

തൃശൂർ: കടലിൽ കൃത്രിമ പാരുകൾ സൃഷ്ടിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് വള്ളങ്ങൾ അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്‍റും മുനക്കയ്ക്കടവ് കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു. തമിഴ്‌നാട് കുളച്ചൽ സ്വദേശികളുടെ ആറ് വള്ളങ്ങളും തിരുവനന്തപുരം സ്വദേശികളുടെ രണ്ടു വള്ളങ്ങളും അനുബന്ധ സാധന സാമഗ്രികളുമാണ് സംയുക്ത സംഘം പിടികൂടിയത്. അനധികൃത മത്സ്യബന്ധനം വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് സംഘം പരിശോധനക്കിറങ്ങിയത്.

തിരുവനന്തപുരം പൊഴിയൂർ സ്വദേശിയുടെ മത്സ്യബന്ധന യാനത്തിൽ നിന്ന് നിയമപരമായ അളവിൽ കൂടുതലുള്ള എച്ച്.എം (ഹാർബർ മാസ്റ്റർ) വലകൾ പിടിച്ചെടുത്തു. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടികൾ പൂർത്തീകരിച്ച് 4.37 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെയും കോസ്റ്റൽ പോലീസ് സബ് ഇൻസ്‌പെക്ടർ ലോഫിരാജിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും കൃത്രിമ പാര് നിർമിക്കാൻ കൊണ്ടുപോയ വസ്തുക്കളും പിടിച്ചെടുത്തത്.

കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങൾ കൃത്രിമ പാരുകളാൽ നശിപ്പിക്കപ്പെടുന്നതായാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി. കണവ പിടിക്കാനാണ് കൃത്രിമ പാര് ഉണ്ടാക്കിയത്. ഉപയോഗശൂന്യമായ വലകളും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കന്നാസുകളും മറ്റും കൂട്ടിക്കെട്ടി പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ച് 25 നോട്ടിക്കൽ (ഏകദേശം 50 കിലോമീറ്റർ) മൈൽ ദൂരെ ആഴക്കടലിൽ നിക്ഷേപിച്ചാണ് കണവയെ പിടിക്കുന്നത്. ഇവ നിക്ഷേപിച്ച സ്ഥലത്തിന്റെ ജി.പി.എസ്. പൊസിഷൻ രേഖപ്പെടുത്തി സൂക്ഷിച്ച് രണ്ടാഴ്ചക്കുശേഷം ഇതേ സ്ഥലത്തുചെന്ന് ചൂണ്ടയിട്ട് കണവ പിടിക്കുന്നതാണ് ഇവരുടെ രീതി. രണ്ടോ മൂന്നോ തവണത്തെ ഉപയോഗ ശേഷം ഇവ ഉപേക്ഷിച്ച് കടലിൽ മറ്റൊരിടത്ത് മറ്റൊരു പാര് സൃഷ്ടിക്കും.

ആഴക്കടലിൽ നിരവധിയിടങ്ങളിൽ അനധികൃത കൃത്രിമ പാര് നിർമിച്ചിരിക്കുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ സുഗമമായി മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി. പലപ്പോഴും വലകൾ അനധികൃത കൃത്രിമ പാരുകളിൽ കുടുങ്ങി നശിച്ച് വൻ നഷ്ടം ഉണ്ടാകുന്നതായും പരാതിയുണ്ട്. കൃത്രിമ പാരുകൾ കടലിൽ മലിനീകരണം ഉണ്ടാക്കുകയും കടൽജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കുകയും മത്സ്യലഭ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

എഫ്.ഇ.ഒ.മാരായ അശ്വിൻ രാജ്, സുമിത, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, മുനക്കയ്ക്കടവ് കോസ്റ്റൽ പോലീസ് എസ്.ഐ. സുമേഷ് ലാൽ, സി.പി.ഒ.മാരായ അനൂപ്, നിധിൻ, റെസ്‌ക്യൂ ഗാർഡുമാരായ പ്രമോദ്, വിപിൻ, ഡ്രൈവർ അഷറഫ്, ബോട്ട് സ്രാങ്ക് അഖിൻ, ബോട്ട് ക്രൂ സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ രാത്രികാല പരിശോധന ഉണ്ടാകുമെന്നും പ്ലാസ്റ്റിക്കും കുരഞ്ഞിലുകളും കയറ്റിവരുന്ന വാഹനങ്ങൾക്കെതിരേ നടപടി ഉണ്ടാകുമെന്നും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തനൂരാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button