നിയന്ത്രണംവിട്ട കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർ മരിച്ചു, ഒരാൾ രക്ഷപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപൂർ പ്രദേശത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഹൈദരാബാദിൽ നിന്ന് ഭൂദാൻ പോച്ചംപള്ളിയിലേക്ക് യാത്ര ചെയ്ത ആറംഗ സംഘമാണ് അപകടത്തിൽ പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുള്ള യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു. അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. തെലങ്കാന പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വംശി (23), ദിഗ്നേഷ് (21), ഹർഷ (21), ബാലു (19), വിനയ് (21) എന്നിവരാണ് മരിച്ചത്. മണികാന്ത് (21) ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. മരിച്ചവരെല്ലാം എല്ലാവരും ഹൈദരാബാദ് നിവാസികളാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളും പൊലീസും ചേർന്ന് തടാകത്തിൽ നിന്ന് കാർ വീണ്ടെടുക്കുന്നതിന്റെയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നിയമനടപടികൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.