ഇന്ത്യയിൽ സിസേറിയൻ നിരക്ക് വർദ്ധിക്കുന്നു, മിക്കവയും സ്വകാര്യ ആശുപത്രികളിലെന്ന് പഠനം
ഇന്ത്യയിൽ അഞ്ചിലൊന്ന് പ്രസവവും സിസേറിയനിലൂടെയാണ് നടക്കുന്നതെന്ന് പഠനം. ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. സർക്കാർ ആശുപത്രികളെക്കാൾ സ്വകാര്യ ആശുപത്രികളിലാണ് സിസേറിയൻ ശസ്ത്രക്രിയകൾ കൂടുതലും നടക്കുന്നതെന്നും പഠനത്തിൽ പറയുന്നു.
ദേശീയ കുടുംബാരോഗ്യ സർവേയുടെ (2019- 2021) യുടെ അടിസ്ഥാനത്തിൽ ദില്ലിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ള ഗവേഷകരാണ് വിശദമായ പഠനം നടത്തിയത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 15-49 വയസ് പ്രായമുള്ള 7.2 ലക്ഷത്തിലധികം സ്ത്രീകളുടെ ജനന വിവരങ്ങൾ വിശകലനം ചെയ്തു.
ഇന്ത്യയിലെ സിസേറിയൻ ഡെലിവറി നിരക്ക് 21.5 ശതമാനമാകണമെന്നാണ് നിബന്ധന. ഇന്ത്യയിലെ ഉയർന്ന വരുമാനമുള്ളവരും താഴ്ന്ന വരുമാനമുള്ളവും സിസേറിയനായി സർക്കാർ ആശുപത്രിയെക്കാൾ കൂടുതൽ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണെന്നും പഠനത്തിൽ പറയുന്നു.
അമ്മയുടെയോ നവജാതശിശുവിന്റെയോ മരണം തടയാനാണ് ഡോക്ടർമാർ സിസേറിയൻ നിർദേശിക്കാറുള്ളത്.
എന്നാൽ ചില സംസ്ഥാനങ്ങളിൽ ഇങ്ങനെയല്ലാതെയും സിസേറിയൻ നടക്കുന്നതായും ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരിന്നു. അരുണാചൽ പ്രദേശിൽ താരതമ്യേന കുറഞ്ഞ സി-സെക്ഷൻ ഡെലിവറി നിരക്ക് 14.5 ശതമാനമാണ്.
മുറിവുണ്ടാക്കി അതുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. സങ്കീർണതകളുള്ള ഗർഭധാരണം, സാധാരണ പ്രസവം നടക്കാൻ പ്രയാസം, കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം, തുടങ്ങിയ വിവിധ സന്ദർഭങ്ങളിളാണ് സിസേറിയൻ ചെയാറുള്ളത്. മുമ്പൊക്കെ കോട്ടൺ നൂലുകളിലുള്ള സ്റ്റിച്ചുകളാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അബ്സോർബബിൾ സ്റ്റിച്ചുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് കാണാൻ സാധിക്കാത്ത രീതിയിലാണ് സ്റ്റിച്ച് ചെയ്യുക.