വയനാട് പുനരധിവാസം; കേന്ദ്രവും സംസ്ഥാനവും ഇന്ന് കോടതിയിൽ മറുപടി നൽകും
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ന് ഹൈക്കോടതിക്ക് മറുപടി നൽകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് എത്ര തുക ചെലവഴിക്കാനാവുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണം. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാറും ബോധിപ്പിക്കണം.
ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കണക്കുകളിൽ വ്യക്തത വരുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അക്കൗണ്ട്സ് ഓഫീസറും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായേക്കും. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപയുടെ അടിയന്തിര സഹായം നൽകാൻ തീരുമാനിച്ചെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ, ഈ തുക വിനിയോഗിക്കുന്നതിന് സാങ്കേതിക തടസങ്ങളുള്ളതായി സംസ്ഥാന സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.സംസ്ഥാന ദുരന്ത നിവാരണ ഫണ്ടായി കേരളത്തിന്റെ പക്കലുള്ള 782.99 കോടി രൂപയുടെ പകുതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിച്ചാലേ അനുവദിച്ച 153 കോടി വിനിയോഗിക്കാനാകൂ എന്നതാണ് കേന്ദ്ര നിബന്ധന.