ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി
പത്തനംതിട്ട: ശബരിമലയിലെ നടൻ ദിലീപിൻ്റെ വിഐപി ദർശനത്തിൽ അന്വേഷണം ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിൻ്റെ വിജിലൻസ് വിഭാഗമാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ഇന്നലെയാണ് ദിലീപ് നടയടക്കുന്നതിന് തൊട്ടുമുൻപായി ശബരിമലയിൽ ദർശനം നടത്തിയത്. നടയടച്ച ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ കടുത്ത നിലപാടുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിർദേശം നൽകി. ബോർഡിനോട് 12.30നകം മറുപടി നൽകാനും ആവശ്യപ്പെട്ടിരുന്നു. ആർക്കും ഒരു പ്രിവിലേജും ഇല്ലെന്നും പൊലീസ് എന്താണ് ഇക്കാര്യത്തിൽ ചെയ്തതെന്നും സംഭവത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപും സംഘവും ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നുനിന്നതെന്നും ഹൈക്കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ക്യൂവില്‍ ഉണ്ടായിരുന്നത് എന്നും മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്നും ചോദിച്ച കോടതി ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നും ചോദിച്ചു.
പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പൊലീസിന് ഒരു ചുമതലയും നിര്വ്വഹിക്കാനില്ലേയെന്ന് ചോദിച്ച കോടതി ദിലീപിനെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുമെന്നും ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ല എന്നും വ്യക്തമാക്കി. ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം എന്നതിനാൽ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.