‘അമരനില്‍ സായി പല്ലവിയുടെ ഫോണ്‍ നമ്പര്‍’; വിദ്യാര്‍ഥിയോട് മാപ്പ് പറഞ്ഞിട്ടും നിര്‍മ്മാതാക്കൾക്ക് രക്ഷയില്ല
ചെന്നൈ: അമരൻ സിനിമയിൽ ഫോൺ നമ്പർ ഉൾപെടുത്തിയതിനെതിരെ വിദ്യാർത്ഥിയായ വാഗീശൻ നൽകിയ ഹർജിയില്‍ സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഡിസംബര്‍ 20നകം ഇവര്‍ കോടതിക്ക് സംഭവത്തില്‍ മറുപടി നൽകണം എന്നാണ് നോട്ടീല് പറയുന്നത്. അമരന് ചിത്രം ഒടിടിയിലും റിലീസ് ആയതിനാൽ ഇനി എന്ത് ചെയ്യാനാകുമെന്ന് കോടതി
ഫോൺ നമ്പർ പുറത്തുപോയത് വിദ്യാർത്ഥിയുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടാകുമെന്ന് കോടതി പറഞ്ഞു. അതിനാല്‍ തന്നെ നഷ്ടപരിഹാരം എങ്ങനെ നൽകാനാകുമെന്നും കോടതി ചോദിച്ചു. തന്റെ നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഫോൺ വിളികളുടെ ശല്യം നേരിടുന്നതായി വിദ്യാർത്ഥി കോടതിയെ അറിയിച്ചു. ഒടിടി റിലീസ് തടയാണമെന്നും 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നൽകിയത്.
അമരന് ഡിസംബര്‍ 6നാണ് ഒടിടിയില്‍ എത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നേരത്തെ വിദ്യാര്‍ത്ഥി വിവി വാഗീശൻ വക്കീല്‍ നോട്ടീസ് നിര്‍മ്മാതാക്കള്‍ക്ക് അയച്ചിരുന്നു. തുടര്‍ന്ന് വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല് ഫിലിംസ് അറിയിച്ചു.
എന്നാല്‍ നിർമ്മാതാക്കളുടെ പ്രതികരണം വൈകിയെന്നാണ് വാഗീശന്റെ പ്രതികരണം. നവംബർ ആറിനാണ് വാഗീശന്‍ അമരന് നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിനാല്‍ വാഗീശന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നുണ്ടെന്നും. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നുവെന്നും. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്.
മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് അമരന്.