പ്രവാസികൾക്ക് നേട്ടം, നിക്ഷേപത്തിന് ഉയർന്ന വരുമാനം ഉറപ്പ്; പലിശ ഉയർത്താൻ ആർബിഐ
ദില്ലി: ഇന്ത്യൻ പ്രവാസികളുടെ വിദേശ കറൻസി നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രൂപയുടെ മൂല്യം കുറയുന്ന സാഹചര്യങ്ങൾക്കിടയിൽ കൂടുതൽ മൂലധന പ്രവാഹം ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ ദ്വൈമാസ പണ നയം പ്രഖ്യാപിക്കുമ്പോഴാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഈ തീരുമാനം അറിയിച്ചത്.
വിദേശ കറൻസി നോൺ റസിഡൻ്റ് ബാങ്ക് നിക്ഷേപങ്ങളുടെയോ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെയോ പലിശ നിരക്ക് കാലയളവ് അനുസരിച്ച് വർദ്ധിപ്പിക്കാൻ ആണ് എംപിസി യോഗത്തിൽ തീരുമാനമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും വലിയ ഇടിവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ യുഎസ് ഡോളർ കൂടുതൽ ശക്തിപ്രാപിച്ചതും വിദേശനിക്ഷേപകരിൽ നിന്നുള്ള വിൽപന സമ്മർദ്ദവുമാണ് രൂപയുടെ മൂല്യം 1.3 ശതമാനം ഇടിഞ്ഞതെന്ന് ആർബിഐ ഗവർണർ പറഞ്ഞു, അതേസമയം, വളർന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ചാഞ്ചാട്ടം കുറവാണെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. നിലവിലുള്ള അസ്ഥിരവസ്ഥ ലഘൂകരിക്കാനും വിപണിയിൽ ആത്മവിശ്വാസം നിലനിർത്താനും ഒപ്പം മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത നിലനിർത്താനുമാണ് വിദേശനാണ്യ കരുതൽ ശേഖരം വിവേകത്തോടെ ഉപയോഗിക്കുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
കൂടാതെ, ഭാരത് കണക്റ്റുമായി ബന്ധിപ്പിച്ച് ഫോറെക്സ്-റീട്ടെയിൽ പ്ലാറ്റ്ഫോമിൻ്റെ വിപുലീകരണം നടത്തുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. വ്യക്തികൾക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും വിദേശനാണ്യത്തിൻ്റെ വിലനിർണ്ണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, 2019-ൽ ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആരംഭിച്ചതാണ് എഫ്എക്സ്-റീട്ടെയിൽ പ്ലാറ്റ്ഫോം.