Uncategorized

ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം അപകടകരമായ നീക്കവുമായി ബം​ഗ്ലാദേശ്; തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി സൂചന

കൊൽക്കത്ത: ഇന്ത്യയുടെ അതിർത്തിയ്ക്ക് സമീപം ബം​ഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിന് സമീപമാണ് ഡ്രോണുകൾ വിന്യസിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റും തുടർന്ന് ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമ സംഭവങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതിന് പിന്നാലെയാണ് അതിർത്തിയിൽ പ്രകോപനം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇന്ത്യയുമായുള്ള അതിർത്തിയോട് ചേർന്ന് ബയ്‌രക്തർ ടിബി2 ആളില്ലാ വിമാനങ്ങളാണ് (യുഎവി) ബംഗ്ലാദേശ് വിന്യസിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം പരിശോധിച്ചുവരികയാണെന്നാണ് വിവരം. പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഡ്രോണുകളുടെ വിന്യാസമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുമ്പോൾ ബയ്‌രക്തർ ടിബി2 പോലെയുള്ള നൂതന ഡ്രോണുകൾ സ്ഥാപിക്കുന്നതിൻ്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യ തള്ളിക്കളയുന്നില്ല. ഹെറോൺ ടിപി പോലെയുള്ള ഡ്രോണുകൾ ബം​ഗ്ലാദേശ് അതിർത്തികളിൽ വിന്യസിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യയോട് ചേ‍ർന്നുള്ള ബം​ഗ്ലാദേശ് അതിർത്തികളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാകുന്നതായി രഹസ്യാന്വേഷണ വിഭാ​ഗം മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് തീവ്രവാദ ഗ്രൂപ്പുകളും കള്ളക്കടത്ത് സംഘങ്ങളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button