സ്കൂളിൻ്റെ മതിലാണ്, ആദ്യം ദേശീയപാത നിര്‍മാണത്തിന് വെട്ടിമുറിച്ചു, പിന്നാലെ കാന നിര്‍മാണവും; ദുരിതം തുടരുന്നു
തൃശൂര്‍: ദേശീയപാത നിര്‍മാണത്തിനായി സ്‌കൂള്‍ ഗ്രൗണ്ട് വെട്ടിമുറിച്ച് നല്‍കിയിരിക്കേ വിദ്യാലയത്തിന്റെ മതില്‍ തകര്‍ത്ത് റോഡിന്റെ കാന നിര്‍മാണം. തളിക്കുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ മതിലാണ് ദേശീയപാതയുടെ കാന നിര്‍മാണത്തിലെ അശ്രദ്ധകൊണ്ട് തകര്‍ന്നത്. സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെ മതിലും ഗ്രൗണ്ടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച മതിലും തകര്‍ന്നിട്ടുണ്ട്. മതിലിനരികിലെ മണ്ണിടിഞ്ഞ് മഴവെള്ള സംഭരണി തകരുമെന്ന നിലയിലാണ്.
ഇന്നലെ രാവിലെയാണ് രണ്ടിടങ്ങളിലായി മതിലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. നേരത്തെ ദേശീയപാത വികസനത്തിനായി ഗ്രൗണ്ടിന്റെ ഒരു ഭാഗം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കായിക മത്സരങ്ങള്‍ക്കും പരിശീലനത്തിനും തീരദേശത്ത് പരിമിതി നേരിടുകയാണ്. അതിനിടേയാണ് നിര്‍മാണക്കമ്പനിയുടെ ഇടിച്ചുവീഴ്ത്തലും ഉണ്ടായത്. സ്കൂളിന്‍റെ ദുരിതത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന ചോദ്യമാണ് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്.