മകന്റെ വെള്ളക്കോട്ട് നെഞ്ചോട് ചേർത്ത് അമ്മ, ഫുട്ബോൾ കമ്പക്കാരനായതിനാൽ നാട്ടിൽ പഠിപ്പിച്ചു; ആൽബിന് വിട നൽകി
ആലപ്പുഴ: ആലപ്പുഴ കളർകോട് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആൽബിൻ ജോർജിന് കണ്ണീരിൽ കുതിർന്ന വിട നൽകി സഹപാഠികൾ. ആൽബിൻ ഏറെ ആഗ്രഹത്തോടെ കടന്നുവന്ന വണ്ടാനം മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രിയപ്പെട്ടവർ അവന് അന്ത്യാഞ്ജലി അർപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ മകന്റെ വെള്ളക്കോട്ട് നെഞ്ചോട് ചേർത്ത് പിടിച്ചായിരുന്നു അമ്മ മീന ആൽബിന്റെ മൃതദേഹത്തിന് അരികിൽ ഇരുന്നത്. പിതാവ് കൊച്ചുമോൻ ജോർജും സഹോദരനും ഒപ്പമുണ്ടായിരുന്നു.
ആൽബിന് പഠനം പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു ഫുട്ബോളും. അതുകൊണ്ടായിരുന്നു നാട്ടിൽ തന്നെ ഉള്ള വണ്ടാനം മെഡിക്കൽ കോളേജ് എംബിബിഎസിനായി തെരഞ്ഞെടുത്തത്. മന്ത്രി പി പ്രസാദ്, ജില്ലാകളക്ടർ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി. വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതുദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംസ്കാരം. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആൽബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനം തിങ്കളാഴ്ച്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ ഉൾപ്പടെ ആറ് എംബിബിസ് വിദ്യാർത്ഥികളാണ് മരിച്ചത്. സഹപാഠികളെ നഷ്ടമായതിന്റെ വേദനയിലാണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. കോളേജിൽ കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.