Uncategorized

നെഞ്ചിലമർത്തി, കൈകാലുകൾ തിരുമ്മി; റോഡിൽ കുഴഞ്ഞുവീണ യുവതിയ്ക്ക് രക്ഷകരായി 3 കുരുന്നുകൾ, അഭിനന്ദന പ്രവാഹം

കണ്ണൂർ: കണ്ണൂരിൽ റോഡിൽ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി 3 പെൺകുട്ടികൾ. കടയ്ക്കു മുന്നിൽ കുഴഞ്ഞുവീണ യുവതിയെ പ്രഥമ ശുശ്രൂഷ നൽകി മൂന്നു കുരുന്നുകൾ രക്ഷിക്കുകയായിരുന്നു. ആയിഷ അലോന, ഖദീജ കുബ്ര, നഫീസത്തുൽ മിസിരിയ എന്നീ പെൺകുട്ടികളാണ് യുവതിയെ രക്ഷിച്ചത്. മൂവരും കണ്ണൂർ ചൊക്ലി വിപി ഓറിയൻറൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളാണ്. രാവിലെ പഠിച്ച തിയറി വൈകുന്നേരം പ്രാക്ടിക്കൽ ആക്കുകയായിരുന്നു കുട്ടികൾ.

പിടി ക്ലാസ് കഴിഞ്ഞ് വരുന്നതിനിടയിലാണ് സ്ത്രീ കുഴഞ്ഞു വീഴുന്നത് കണ്ടത്. കാലും കയ്യും തടവിക്കൊടുത്തു. കൂടാതെ നെഞ്ചിലും പല തവണ അമർത്തിയിരുന്നു. കയ്യിൽ ചൂട് പിടിപ്പിക്കുകയും അപ്പോൾ ബോധം വരികയും ചെയ്തുവെന്ന് കുട്ടികൾ പറയുന്നു. സംഭവത്തിൽ കടയുടമ ഉൾപ്പെടെ അഭിനന്ദിച്ചുവെന്നും കുട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാവിലെ ക്ലാസിൽ പ്രഥമ ശ്രുശ്രൂഷ ചെയ്യുന്നതിനെ കുറിച്ച് പഠിപ്പിച്ചു തന്നിരുന്നു. ആരെങ്കിലും ബോധരഹിതരായി വീഴുന്നത് കണ്ടാൽ ഇങ്ങനെയൊക്കെ ചെയ്തു നൽകണമെന്ന് പറഞ്ഞു തന്നിരുന്നുവെന്നും കുട്ടികൾ പറഞ്ഞു.

കുട്ടികളെ കുറിച്ച് അഭിമാനം തോന്നുന്ന സമയമാണിതെന്ന് അധ്യാപകനായ പിവി ലൂബിൻ പറഞ്ഞു. തിയ്യറിയായി പറ‍ഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് അധ്യാപകൻ കൂട്ടിച്ചേർത്തു. കുട്ടികളെ സ്കൂളിൽ അനുമോദിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button