Uncategorized

29-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇനി എട്ട് നാൾ; പെണ്‍നേട്ടങ്ങളുമായി ഏഴ് ചിത്രങ്ങള്‍

29-ാമത് ഐഎഫ്എഫ്കെയ്ക്ക് തിരി തെളിയാൻ ഇനി എട്ട് ദിവസം മാത്രം. ഡിസംബർ 13 മുതൽ 20വരെയാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്. മേളയിൽ വനിതാ സംവിധായകര്‍ക്കും അവരുടെ കലാസൃഷ്ടികള്‍ക്കും ഊന്നല്‍ നല്‍കുന്ന ഫീമെയിൽ ഗേസ് വിഭാഗത്തിൽ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും. വെൻ ദി ഫോൺ റാങ്, ഡസേർട്ട് ഓഫ് നമീബിയ, ലവബിൾ , മൂൺ , ഹോളി കൗ, സിമാസ് സോങ് , ഹനാമി എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദർശനത്തിനെത്തുന്നത്.

ഒരു ഫോൺ കോളിന് ശേഷം ഒരു കുടുംബത്തിലുണ്ടായ വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ തുറന്ന് കാണിക്കുന്ന സെർബിയൻ സിനിമയാണ് ഇവ റാഡിവോജെവിച്ച് സംവിധാനം ചെയ്ത വെൻ ദി ഫോൺ റാങ്. ജീവിതാനുഭവം, സ്വത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമ റാഡിവോജെവിച്ചിന്റെ ജീവിതകഥ കൂടിയാണ്. കെയ്‌റോ, ഹെൽസിങ്കി തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ലൊകാർണോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (2024) പ്രത്യേക പരാമർശവും നേടി.

യോക്കോ യമനാക്കയുടെ ഡെസേർട്ട് ഓഫ് നമീബിയ ജപ്പാനിലെ സാറ്റ്സുക്കി എന്ന പെൺകുട്ടി പ്രായപൂർത്തിയാകുന്ന ഘട്ടത്തിലെ അനുഭവങ്ങളും അവളുടെ സ്വതന്ത്ര ജീവിതവും പ്രമേയമാക്കുന്നു. കാൻ ചലച്ചിത്രമേളയിൽ ഫിപ്രെസ്കി അവാർഡും ബാങ്കോക് ലോക ചലച്ചിത്ര മേളയിൽ ലോട്ടസ് അവാർഡും ചിത്രം നേടിയിട്ടുണ്ട്.

കോർക്ക് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധാകേന്ദ്രമായ ചിത്രമാണ് ലിൽജ ഇൻഗോൾഫ്‌സ്‌ഡോട്ടിറിന്റെ ലവബിൾ. ഒരു അമ്മയുടെയും തൻ്റെ നാലു മക്കളുടേയും ജീവിതനേർക്കാഴ്ചകളുടെ ദൃശ്യവിരുന്നാണ് ഈ ചിത്രം. ഓസ്ട്രിയൻ ചിത്രമായ കുർദ്വിൻ അയൂബിന്റെ മൂൺ, പശ്ചിമേഷ്യയിലെ ഒരു സമ്പന്ന കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ആയോധന കല അഭ്യസിപ്പിക്കുവാൻ വരുന്ന മുൻ മാർഷ്യൽ ആർട്ടിസ്റ്റായ സാറയുടെ സാഹചര്യങ്ങളെയും അവർ നേരിടുന്ന സംഘർഷങ്ങളെയുമാണ് ചിത്രീകരിക്കുന്നത്.

കൗമാരകാരനായ ടോട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഫ്രഞ്ച് സിനിമയാണ് ലൂയ്സ് കർവോയ്‌സിയർ സംവിധാനം ചെയ്ത ഹോളി കൗ. പിതാവിന്റെ മരണശേഷം ഏഴ് വയസുകാരിയായ തന്റെ സഹോദരിയെ സംരക്ഷിക്കാൻ വേണ്ടി പ്രയത്നിക്കുന്ന ടോട്ടന്റെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം.അഫ്‌ഗാനിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹത്തിൽ ജീവിയ്ക്കേണ്ടി വരുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ പ്രണയം, കുടുംബം എന്നീ പ്രമേയത്തിലൂടെ മുന്നോട്ടു കൊണ്ടുപോകുന്ന റോയ സാദത്ത് സംവിധാനം ചെയ്ത ചിത്രമാണ് 2023ൽ പുറത്തിറങ്ങിയ ‘സിമാസ് സോങ്’.

ഡെനിസ് ഫെർണാണ്ടസിന്റെ ഹനാമി എന്ന ചിത്രത്തിൽ കാബ് വെർഡെ ദ്വീപിൽ അമ്മ ഉപേക്ഷിച്ചു പോയ നാന എന്ന കുട്ടിയുടെ ബാല്യവും, തുടർന്ന് പ്രായപൂർത്തിയായ ശേഷം അവൾ തൻ്റെ അമ്മയെ കാണുന്നതുമാണ് പശ്ചാത്തലം. സാംസ്കാരികതയും കുടിയേറ്റ പ്രശ്നങ്ങളുമെല്ലാം ചിത്രത്തിൽ മുഖ്യ ചർച്ചാ വിഷയങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button