അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ്, അടുത്ത ആഴ്ച ഗൾഫിലേക്ക് മടങ്ങാനിരിക്കെ ബൈക്കില്‍ കാറിടിച്ച് മരിച്ചു
കോഴിക്കോട്: അവധി കഴിഞ്ഞ് അടുത്തയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശിയും പ്രവാസിയുമായ കണിയാങ്കണ്ടി നവല്‍ കിഷോര്‍(30) ആണ് ദാരുണമായി മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന നവലിന്റെ ബൈക്കില്‍ അറപ്പീടിക ടികെ റോഡില്‍ നിന്നും പ്രവേശിച്ച കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ നവലിനെ സമീപത്തെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് പിന്തുടര്‍ന്ന് പിടികൂടിയത്.
ദുബൈയില്‍ ജോലി ചെയ്യുന്ന നവല്‍ കിഷോര്‍ നാല് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഈ മാസം 11 ന് തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.