വിദേശത്തു നിന്ന് ബന്ധുക്കളെത്തും; ആൽബിന് വിട നൽകാനൊരുങ്ങി കോളേജ്,കാറപകടത്തിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരം
ആലപ്പുഴ: ആൽബിൻ ജോർജിന് വിട നൽകാനൊരുങ്ങി വണ്ടാനം മെഡിക്കൽ കോളേജ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. ആൽബിന്റെ പോസ്റ്റ് മോർട്ടം രാവിലെ എട്ടരയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെക്കും.
വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതു ദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പിന്നീടായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക. ചികിത്സയിൽ കഴിയുന്ന മറ്റു നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം വിദ്യാർത്ഥികൾക്ക് വാഹനം നൽകിയ വാഹന ഉടമ ഷാമിൽ ഖാനെ മോട്ടോർ വാഹനവകുപ്പ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വാഹനം റെന്റിനാണ് നൽകിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയത്.
ഇന്നലെ വാഹനം ഓടിച്ച ഗൗരീശങ്കറിനെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്.