വാടകക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഇരിട്ടി സ്വദേശി അറസ്റ്റിൽ
ഇരിട്ടി: വാടകക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഇരിട്ടി പയഞ്ചേരി സ്വദേശിയെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. സി.എൻ. ഹൗസിൽ സി.എൻ.പോക്കുട്ടി ( 50 ) യെ ആണ് ഇരിട്ടി സബ് ഇൻസ്പെക്ടർ ഷറഫുദ്ധീൻ, എ എസ് ഐ റീന, സി പി ഒ മാരായ സുകേഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്.
2023ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളിയന്തറ സ്വദേശിയിൽ നിന്നും റെൻ്റ്എ കാർ വ്യവസ്ഥയിൽ പോക്കൂട്ടി കാർ വാടകക്കെടുത്തിരുന്നു. ഇത് മറിച്ചുവിറ്റെന്ന കാർ ഉടമയുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്തിരുന്നെങ്കിലും പോക്കുട്ടി ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. ജാമ്യവ്യവസ്ഥയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി കേസന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്ന് കോടതി ജാമ്യം റദ്ദ് ചെയ്യുകയും ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഇരിട്ടി പോലീസ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.