Uncategorized

ക്ലാസ് എടുക്കുന്നതിനിടെ സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ചു; അധ്യാപകനെതിരെ നടപടി

കോഴിക്കോട്: വിദ്യാർത്ഥിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെ.സി അനീഷിനെയാണ് 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് ഡിഡിഇ സി മനോജ് കുമാറിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നത്. തന്റെ മകനെ മർദ്ദിച്ചുവെന്ന് കാണിച്ച് ഒൻപതാം തരം വിദ്യാർത്ഥിയായ അലൻ ഷൈജുവിന്റെ പിതാവാണ് അധികൃതർക്ക് പരാതി നൽകിയത്. മർദ്ദനത്തെ തുടർന്ന് അലന് തോളെല്ലിന് പരിക്കേറ്റെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകനിൽ നിന്ന് വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്ലാസ് നടക്കുന്നതിനിടയിൽ സമീപത്ത് ഇരുന്ന കുട്ടിയുമായി സംസാരിച്ചതിനാണ് അധ്യാപകൻ അടിച്ചത് എന്നാണ് ഉയരുന്ന ആരോപണം. ഇന്റർവെൽ സമയത്ത് പുറത്തിറങ്ങിയപ്പോൾ അധ്യാപകൻ അടിച്ച സ്ഥലത്തെ പാട് അലൻ സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുക്കുകയും അവർ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button