കൊടകര കുഴൽപ്പണ കേസ്; അന്വേഷണം അവസാനഘട്ടത്തിലെന്ന് ഹൈക്കോടതിയെ അറിയിച്ച് ഇഡി
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുഴൽപ്പണ കവർച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിൽ ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് സിംഗിൾ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബി.ജെ.പിക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന മൂന്നരക്കോടി രൂപ കവർച്ച ചെയ്തെന്നാണ് കേസ്. ഹവാല ഇടപാടിലൂടെ കൊണ്ടുവന്ന കളളപ്പണമാണ് കവർച്ച ചെയ്തതെന്ന സംസ്ഥാന പൊലീസ് കണ്ടെത്തലിലാണ് ഇഡി അന്വേഷണം. കേസ് ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇഡി റിപ്പോർട് സമർപ്പിക്കാത്തത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ രക്ഷിക്കാൻ വേണ്ടിയാണ് എന്നായിരുന്നു ആരോപണം.