ആലത്തൂര്‍ സ്റ്റേഷന്‍ ടോപ് ഫൈവില്‍; രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത് ആഭ്യന്തരമന്ത്രാലയം
രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാനഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി.