യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ ക്രൂരത; ഭിന്നശേഷിക്കാരന് യൂണിയൻ റൂമിൽ മർദനവും ഭീഷണിയും
തിരുവന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ ക്രൂര മർദനം. എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഭിന്നശേഷിക്കാരൻ കൂടിയായ പൂവച്ചൽ സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ അനസ്. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും കമ്പി കൊണ്ട് അടിക്കുകയും വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് കളിയാക്കുകയും ചെയ്തു. തുടർന്ന് കോളേജിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് പറഞ്ഞു.
ഡിപ്പാർട്ട്മെൻറ്റ് കമ്മിറ്റി അംഗങ്ങളാണ് തന്നെ യൂണിയൻ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അനസ് പറഞ്ഞു. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ വീട്ടിൽ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കോളേജിൽ വരാൻ കഴിഞ്ഞില്ല. നാട്ടിൽ ഡിവൈഎഫ്ഐ യൂണിറ്റ് അംഗം കൂടിയായ അനസിന്റെ കാര്യത്തിൽ പ്രാദേശിക പാർട്ടി ഇടപ്പെട്ട ശേഷം തന്നോട് വൈരാഗ്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മർദനം നേരിടേണ്ടി വന്ന കാര്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ പറഞ്ഞുവെന്നും അനസ് കൂട്ടിച്ചേർത്തു.