Uncategorized

മഴയില്‍ ഡാം നിറഞ്ഞു, അധിക ജലം തുറന്നുവിട്ടതോടെ നദിയിലാകെ വിഷനുര, ആശങ്കയോടെ ഹൊസൂരിലെ പെണ്ണൈ നദി

ഹൊസൂർ: കെല്ലവരപ്പള്ളി അണക്കെട്ടിൽ നിന്ന് അധിക ജലം തുറന്നുവിട്ടതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള തെക്കൻ പെണ്ണൈ നദി വിഷമയമായി. കനത്ത മഴയെത്തുടർന്ന് കർണാടകയിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതോടെയാണ് ഡാം തുറന്നുവിട്ടത്. എന്നാൽ, വെള്ളം തുറന്നുവിട്ടതോടെ നദിയിൽ വലിയ രീതിയിൽ പത രൂപപ്പെട്ടു. സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചു. കർണാടകയിലെ ഫാക്ടറികളിൽ നിന്ന് സംസ്കരിക്കാത്ത വ്യാവസായിക മാലിന്യങ്ങളാണ് നദി മലിനമാകാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫാക്ടറികൾ മഴയെ മറയാക്കി നദിയിലേക്ക് മാലിന്യം തള്ളിയെന്നാണ് കരുതുന്നത്.

വിഷലിപ്തമായ പത നദിയുടെ ആവാസവ്യവസ്ഥയ്ക്കും ജലജീവികൾക്കും മനുഷ്യൻ്റെ ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നു. നദി വിഷമയമായത് ദുഃഖകരമായ സംഭവമാണെന്ന് കോട്ടക് സ്കൂൾ ഓഫ് സസ്റ്റൈനബിലിറ്റിയുടെ ഡീൻ പ്രൊഫസർ സച്ചിദ നന്ദ് ത്രിപാഠി പറഞ്ഞു. സംസ്‌കരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യങ്ങളുമാണ് മലിനീകരണത്തിന് കാരണമെന്ന് ത്രിപാഠി പറഞ്ഞു. പത വെള്ളത്തിൽ അലിഞ്ഞുചേർന്ന ഓക്സിജൻ്റെ അളവ് കുറയ്ക്കും. ഇത് മത്സ്യങ്ങളുടെ മരണത്തിലേക്കും ആൽഗകളുടെ നാശത്തിലേക്കും നയിക്കുമെന്നും നദീതടവുമായി ബന്ധപ്പെട്ട ഭൂഗർഭജലത്തെ ആശ്രയിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഹൊസൂരിൽ വിഷാംശം കലരുന്നത്. ഒക്ടോബറിൽ, സമാനമായ സംഭവമുണ്ടായിരുന്നു. ബെംഗളൂരുവിലെ ബെല്ലന്തൂർ, വർത്തൂർ തടാകങ്ങൾ, ദില്ലിയിലെ യമുന നദി എന്നിവയുൾപ്പെടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കാണുന്ന സമാനമാണ് കെല്ലവരപ്പള്ളി അണക്കെട്ടിലെ സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button