‘ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടൻചായയും എന്ന് പേരായിരിക്കില്ല’; രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഇ പി ജയരാജൻ
കണ്ണൂര്: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇതുവരെയുള്ള അധ്യായം ഡിസംബറിൽ പൂർത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. ആത്മകഥയ്ക്ക് രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകും. പരിപ്പുവടയും കട്ടൻചായയും എന്ന പേരായിരിക്കില്ല. എന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണിത്. ആത്മകഥാ വിവാദം പുസ്തകത്തിൽ ഉണ്ടാവില്ലെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്ത്തു.
ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ആത്മകഥാ ഭാഗം പോളിംഗ് ദിനത്തിൽ തന്നെ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്നും ഇ പി ജയരാജൻ സംശയമുന്നയിച്ചിരുന്നു. കരാർ ഇല്ലാത്തതിനാലാണ് ഡിസിയെയും പ്രചരിപ്പ ഭാഗങ്ങളെയും പൂർണ്ണമായും ഇപി തള്ളുന്നത്.
പോളിംഗ് ദിനത്തിൽ പ്രചരിച്ച ആത്മകഥയുടെ പിഡിഎഫിന് പിന്നിലാരാണെന്നതിൽ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താൻ ഏൽപ്പിച്ച മാധ്യമപ്രവർത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നായിരുന്നു പുറത്ത് വന്ന സൂചന. ആരിൽ നിന്ന് ചോർന്നു, സരിനെ കുറിച്ചുള്ള വിമർശനമടക്കം പിന്നീട് ചേർത്തതാണോ എങ്കിൽ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന് പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും തുടരുകയാണ്.