എംസി റോഡിൽ മദ്യപിച്ച് ലക്കുകെട്ട് കുതിരയുമായി നോട്ടക്കാരൻ; സങ്കടം തോന്നിയെന്ന് വിറ്റയാൾ; കുതിരയെ തിരികെ വാങ്ങി
പത്തനംതിട്ട: അപകടകരമായി എംസി റോഡിൽ കുതിരയെ ഇറക്കിവിട്ട സംഭവത്തെ തുടർന്ന് കുതിരയെ തിരിച്ചുവാങ്ങിയതായി വിറ്റയാൾ. മദ്യലഹരിയിൽ കുതിരയെ നടുറോഡിൽ ഇറക്കിവിടുകയും ഉപദ്രവിക്കുകയും ചെയ്തതോടെയാണ് കുതിരെയെ തിരികെവാങ്ങിയതെന്ന് പത്തനംതിട്ട തട്ടം സ്വദേശി ചിക്കു നന്ദന പറഞ്ഞു. ഇന്നലെയാണ് കുതിരയുടെ നോട്ടക്കാരൻ മദ്യപിച്ച് ലക്കുകെട്ട് കുതിരയുമായി എംസി റോഡിലെത്തിയത്. തലങ്ങും വിലങ്ങും അപകടകരമായ രീതിയിൽ ഇയാൾ കുതിരയെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതിനെ തുടർന്നാണ് കുതിരയെ വിറ്റയാൾ തന്നെ തിരികെ എടുത്തിരിക്കുന്നത്. ചിക്കു നന്ദന എന്നയാളാണ് കൂരമ്പാല സ്വദേശിക്ക് കുതിരയെ വിറ്റത്. കുതിരെ ഉപദ്രവിച്ചതിനാലാണ് തിരികെ എടുത്തതെന്ന് ചിക്കു നന്ദന പറഞ്ഞു. കുതിരയെ വാങ്ങിയ ആളുടെ നോട്ടക്കാരനാണ് വളരെ ക്രൂരമായി കുതിരയെ ഉപദ്രവിച്ചിരുന്നത്. നാട്ടുകാർക്കുൾപ്പെടെ നോട്ടക്കാരന്റെ പ്രവർത്തി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കുതിരയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് കുതിരയെ തിരികെയെടക്കാൻ തീരുമാനിച്ചത്.
ന്യൂസിലൂടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് കുതിരയെ വാങ്ങിയ ആളെ വിളിച്ച് സംസാരിച്ചത്. നോട്ടക്കാരൻ കുതിരയെ മദ്യപിച്ചതിന് ശേഷം എടുത്തുകൊണ്ട് പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും കുതിരയെ രക്ഷിച്ചു കൊണ്ടു പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ചിക്കു നന്ദനയുടെ വാക്കുകൾ. വാങ്ങിയ പണം ഇതുവരെ അദ്ദേഹം ചോദിച്ചിട്ടില്ലെന്നും ചോദിച്ചാൽ കൊടുക്കുമെന്നും ചിക്കു നന്ദന പറഞ്ഞു.