സ്വർണം ഇരട്ടിക്കാൻ മന്ത്രവാദം, 596 പവൻ തിരിച്ചു നൽകണമെന്നായപ്പോൾ കൊലപ്പെടുത്തി; വ്യവസായിയുടെ കൊലപാതകത്തിൽ മൊഴി
കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്തി പൊലീസ്. മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഒരു വർഷം മുമ്പുണ്ടായ കൊലപാതകത്തിൽ മന്ത്രവാദിനി ഉൾപ്പെടെ നാല് പേരാണ് പൊലീസിൻ്റെ പിടിയിലായത്. ഷാർജയിൽ ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂറിനെ 2023 ഏപ്രിൽ14 നാണ് കാസർകോട് പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെഎച്ച് ഷമീന, ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കൊലപാതകത്തിന് പിടിയിലായത്.
ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെജെ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വച്ച് സംഘം മന്ത്രവാദം നടത്തി. ഈ സ്വർണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. 596 പവൻ സ്വർണം മന്ത്രവാദ സംഘം തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. പൂച്ചക്കാട്ടെ വീട്ടിൽ വച്ച് തല ചുമരിൽ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു. നേരത്തെ സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. പിന്നീട് സ്വർണം നഷ്ടമായെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ബേക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ ആയില്ല. പൊലീസിന് മേൽ ഉന്നതങ്ങളിൽ സമ്മർദ്ദമുണ്ടായതായി ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.
തട്ടിയെടുത്ത സ്വർണം അറസ്റ്റിലായ ആയിഷ മുഖേന വിവിധ ജ്വല്ലറികളിൽ വിറ്റതായാണ് സൂചന. സംഘം കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.