Uncategorized

രാസലഹരിക്കേസിൽ 4 കൊല്ലമായി ഉറ്റസുഹൃത്ത് ജയിലിൽ, രക്ഷിക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റുമായി യുവാവ്, അറസ്റ്റ്

സൂറത്ത്: വലിയ അളവിൽ രാസ ലഹരിയുമായി പൊലീസ് പിടിയിലായ ഉറ്റ സുഹൃത്തിന് ജാമ്യത്തിലിറക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റുമായി എത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ബുധനാഴ്ചയാണ് സൂറത്ത് ക്രൈം ബ്രാഞ്ച് തടവുപുള്ളിയുടെ ഉറ്റ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. സൂറത്ത് സെൻട്രൽ ജയിലിലുള്ള പ്രതിയ്ക്കായി കോടതിയിലാണ് യുവാവ് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. എന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റിലെ ചില അപാകതകളേക്കുറിച്ച് തോന്നിയ സംശയത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റുമായി എത്തിയ യുവാവ് അറസ്റ്റിലായത്.

ശോഭിത് സിംഗ് താക്കൂർ എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ആവശ്യമായ യാതൊരു ഡിഗ്രികളും ഇല്ലാതെ ഒരു വിധ രേഖകളുമില്ലാതെ സർക്കാർ രേഖകളിൽ പോലും പെടാതെ ഇയാൾ ഒരു ആശുപത്രി നടത്തുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ആദിൽ സലിം നൂറാനി എന്ന 41കാരനെ രക്ഷിക്കാനാണ് ശോഭിത് വ്യാജ രേഖകളുമായി എത്തിയത്. 2020 ഒക്ടോബറിൽ ഒരു കോടിയിലേറെ വിലവരുന്ന എംഎഡിഎംഎ അടക്കമുള്ള മാരക രാസലഹരിയുമായി 18 പേർക്കൊപ്പമാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ 4 വർഷമായി നിരവധി തവണയാണ് ആദിൽ ജാമ്യത്തിനായി ശ്രമിച്ചത്. എന്നാൽ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

കഴിഞ്ഞ മാസം ആദിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. അമ്മ ഹൃദയ സംബന്ധമായ തകരാറുകൾ നേരിട്ട് ചികിത്സയിലാണെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജാമ്യാപേക്ഷ വിശദമാക്കിയത്. ഇതിനൊപ്പം നൽകിയ അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റാണ് നിലവിലെ അറസ്റ്റിന് പിന്നിലുള്ളത്. ബംറോലിയിൽ അനധികൃത ആശുപത്രി പ്രവർത്തിപ്പിക്കുകയാണ് ശോഭിത് സിംഗ് താക്കൂറെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. ഇയാളാണ് വ്യാജ രേഖ ചമച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ ഇലക്ട്രോ ഹോമിയോപതി സർട്ടിഫിക്കറ്റ് ഇയാൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇത് ഗുജറാത്ത് മെഡിക്കൽ കൌൺസിലിൽ പരിശോധനയ്ക്കായി കൊണ്ട് പോയിരിക്കുകയാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഒപ്പ് വച്ചിരിക്കുന്ന ഡോക്ർ ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button