ദക്ഷിണ കൊറിയൻ പ്രസിഡന്റിന് തലവേദന ഒഴിയുന്നില്ല, പാർട്ടിയിൽ നിന്ന് ഒഴിവാകാൻ നിർദ്ദേശിച്ച് പീപ്പിൾ പവർ പാർട്ടി
സോൾ: അർധ രാത്രി പിന്നിട്ടും നീണ്ട വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെ അടിയന്തര പട്ടാള നിയമം പിൻവലിച്ചെങ്കിലും ദക്ഷിണ കൊറിയൻ പ്രസിഡന്റിന് തലവേദന ഒഴിയുന്നില്ല. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി കിം യോംഗ് ഹ്യൂനിന്റെ രാജി സ്വീകരിച്ചതിന് പിന്നാലെ പ്രസിഡന്റിനോട് പാർട്ടിയിൽ നിന്ന് ഒഴിവാകാനാണ് ഭരണ പക്ഷ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ വിവാദമായ അടിയന്തര പട്ടാള നിയമത്തെ ചൊല്ലി പ്രതിരോധ മന്ത്രി ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് പ്രസിഡന്റ് യൂൻ സൂക് യിയോളിന് രാജി നൽകിയിരുന്നു.
അടിയന്തര പട്ടാള നിയമം പിൻവലിച്ചതിന് ശേഷം ഇതുവരെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ജനത്തോട് സംസാരിച്ചിട്ടില്ല. രാജ്യമൊട്ടാകെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നടക്കുകയാണ്. ഇതിനിടയിൽ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. ഇതിൽ ശനിയാഴ്ച വോട്ടെടുപ്പുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് ഇത്തരമൊരു വിവാദ നടപടിക്ക് മുതിർന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ സൈനിക ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തിട്ടുണ്ട്. ഇതത്രമൊരു നടപടിയേക്കുറിച്ച് ഉപപ്രതിരോധ മന്ത്രി അറിഞ്ഞത് വാർത്തകളിൽ നിന്നായിരുന്നുവെന്നാണ് പ്രതികരിച്ചത്.
ദക്ഷിണ ഉത്തര കൊറിയകള്‍ക്കിടിയില്‍ സംഘര്‍ത്തിന് ആക്കം കൂടി ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. ഇതോടെ വലിയ പ്രതിഷേധങ്ങളുയർന്നു. പിന്നാലെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കിടെ സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്. വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുക് യിയോൾ വ്യക്തമാക്കി. പിന്നാലെ പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്.
ചൊവ്വാഴ്ച രാത്രി വൈടിഎൻ ടെലിവിഷനിൽ നടത്തിയ അടിയന്തര ദേശീയ പ്രസംഗത്തിൽ “നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ” ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തിയെന്നായിരുന്നു പറഞ്ഞത്. സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ഇത് ചെറുക്കാനായി പട്ടാള ഭരണം നടപ്പാക്കണമെന്നുമായിരുന്നു യൂൻ സുക് യിയോൾ വാദിച്ചത്.