സങ്കടക്കടലിനിടയിൽ നേരിയ ആശ്വാസം; കളർകോട് അപകടത്തിൽ ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി
കോട്ടയം: ആലപ്പുഴ കളർകോട് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ പുരോഗതി. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന 2 പേരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരിൽ ഒരാളുടെ നില തൃപ്തികരമാണ്. നേരത്തെ ആൽബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിൽ നടന്നു. അച്ഛൻ്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകൾ. ഉച്ചയോടു കൂടിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്. കോളേജിലുള്ള നിരവധി സഹപാഠികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ദേവാനന്ദ് മലപ്പുറത്തായിരുന്നു പഠിച്ചതും വളർന്നതുമെല്ലാം. എങ്കിലും ഈ നാട്ടിലുള്ളവരുമായും ദേവാനന്ദ് അടുപ്പം പുലർത്തിയിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരുമെന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞിരുന്നു. അവർക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരവുമായാണ് ഒടുവിൽ ദേവാനന്ദ് എത്തിയത്.
ഇന്നലെ മൂന്നു പേരുടേയും ഇന്ന് രണ്ടു പേരുടേയും സംസ്കാര ചടങ്ങുകൾ നടന്നു. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിയായ ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. ആശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിൻ്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി.
തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും അഞ്ച് പേർ മരിച്ചതും. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്നാണ് പുതിയ വിവരം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി ആൽവിൻ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് മാറ്റിയത്.