ഉദയ്പൂരിൽ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു
ജയ്പൂർ: എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബിആർ അംബേദ്കർ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ രാഹുൽ കുമാർ ഗരാസിയ ആണ് മരിച്ചത്.
രാത്രി 2.30 വരെ രാഹുൽ തന്റെ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു എന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. മൂന്ന് മണിയോടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയെന്നാണ് അനുമാനം. വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും ജാക്കറ്റും ചെരിപ്പുകളും ആറാം നിലയിൽ നിന്ന് പൊലീസ് കണ്ടെത്തി.
കോളേജിൽ പരീക്ഷ നടക്കുകയാണെന്നും രണ്ട് ദിവസം മുമ്പ് നടന്ന ഒരു പരീക്ഷയിൽ വേണ്ടത് പോലെ ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് രാഹുൽ സഹപാഠികളോട് പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനാ ഫലം വരുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ശിവ്ഗഞ്ച് ഡിഎസ്‍പി പുഷ്പേന്ദ്ര വർമ പറഞ്ഞു.