Uncategorized

‘പുരുഷന്മാ‍ർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു‘, വനിതാജഡ്ജിമാരെ പിരിച്ചുവിട്ടതിൽ സുപ്രീംകോടതി

ആറ് വനിതാ സിവിൽ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തിൽ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. വനിതാ സിവിൽ ജഡ്ജിമാരെ കേസ് തീർപ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ചു പിരിച്ചുവിട്ടതിനെ രൂക്ഷഭാഷയിൽ കോടതി വിമർശിച്ചു. അതിലൊരാൾ ഗർഭം അലസിയതിനെ തുടർന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരി​ഗണിച്ചത്. ‘പുരുഷന്മാ‍ർക്കും ആർത്തവമുണ്ടായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചു പോവുകയാണ്. അപ്പോൾ മാത്രമേ അവർക്കത് മനസിലാക്കാനാവൂ’ എന്നും ജസ്റ്റിസ് നാ​ഗരത്ന പറഞ്ഞു. അത്തരം അവസ്ഥകളിൽ കേസ് തീർപ്പാക്കൽ നിരക്ക് ജഡ്ജിമാരുടെ ജോലി അളക്കാനുള്ള ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു.

പ്രൊബേഷൻ കാലയളവിലെ പ്രകടനം മോശമായിരുന്നു എന്നും വേണ്ടത്ര കേസുകൾ പരി​ഗണിച്ചില്ല എന്നും കാണിച്ചാണ് 2023 ജൂണിൽ മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി ഈ കേസ് സ്വമേധയാ പരി​ഗണിച്ചിരുന്നു. പിന്നീട്, സപ്തംബറിൽ നാലുപേരെ തിരിച്ചെടുത്തു.

‘കേസ് ഡിസ്‍മിസ്ഡ്, വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത് വളരെ എളുപ്പമാണ്. ഈ കേസുകൾ കേൾക്കാൻ നമ്മൾ സമയമെടുത്താൽ അത് നമ്മൾ മെല്ലെയായതുകൊണ്ടാണ് എന്ന് അഭിഭാഷകർക്ക് പറയാൻ സാധിക്കുമോ? പ്രത്യേകിച്ചും സ്ത്രീകൾ അവർ ശാരീരികമായും മാനസികമായും പ്രയാസം അനുഭവിക്കുന്ന സമയമാണെങ്കിൽ എങ്ങനെയാണ് അവർ മെല്ലെയാണ് എന്ന് പറയാൻ സാധിക്കുക? അതിന്റെ പേരിലെങ്ങനെയാണ് അവരെ പിരിച്ചുവിടാൻ സാധിക്കുക’ എന്നും ജസ്റ്റിസ് ​നാ​ഗരത്ന ചോദിച്ചു.

മധ്യപ്രദേശ് ജുഡീഷ്യൽ സർവീസിൽ ചേർന്ന സിവിൽ ജഡ്ജിമാരായ അദിതി കുമാർ ശർമ, സരിതാ ചൗധരി എന്നിവരുടെ കേസുകളായിരുന്നു ബെഞ്ച് പരിഗണിച്ചത്. മധ്യപ്രദേശ് ഹൈക്കോടതി ഇരുവരുടേയും പിരിച്ചുവിടൽ ഉത്തരവുകൾ റദ്ദാക്കാൻ വിസമ്മതിക്കുകയായിരുന്നു. 2023 -ലാണ് ഇവരെ പിരിച്ചുവിട്ടത്. ഇരുവരുടെയും പ്രകടനം മോശമായിരുന്നു എന്നും പെൻഡിം​ഗ് കേസുകൾ ഒരുപാടുണ്ടായിരുന്നു എന്നും ആരോപിച്ചിരുന്നു.

എന്നാൽ, തന്റെ ​ഗർഭം അലസിയതും സഹോദരന് കാൻസർ സ്ഥിരീകരിച്ചതും തന്റെ മാനസികവും ശാരീരികവുമായ അവസ്ഥയെ ബാധിച്ചു എന്നും അദിതി കുമാർ ശർമ്മ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. കേസ് വീണ്ടും പരി​ഗണിക്കുന്നത് ഡിസംബർ പന്ത്രണ്ടിനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button