പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി; നടപടി ഡ്യൂട്ടി ഒഴിവാക്കിയതിന് പകരം
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായാണ് പൊതു മേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക ഒഴിവാക്കിയത്. ദീർഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ആട്ടോകാസ്റ്റ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശികയായ 113.08 കോടി രൂപയാണ് എഴുതിത്തള്ളിയതിന് ഏറ്റവും വലിയ തുക. ടെക്സ്റ്റൈൽ കോർപ്പറേഷന്റെ 53.69 കോടിയും കേരളാ സിറാമിക്സിന്റെ 44 കോടിയും എഴുതിത്തള്ളിയതിൽ ഉൾപ്പെടുന്നു.
തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ – 12. 86 കോടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ-12.71 കോടി, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ-7 കോടി, ആലപ്പുഴ സഹകരണ സ്പിന്നിങ്ങിൽ 6.35 കോടി, കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ 5.61 കോടി, മാൽക്കോടെക്സ് – 3.75 കോടി, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ – 3.49 കോടി, കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ – 2.61 കോടി, സീതാറാം ടെക്സ്റ്റൈൽസ്- 2.1 1 കോടി, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ് -1.6 4 കോടി, കേരള സോപ്പ്സ് ലിമിറ്റഡ് -1.33 കോടി, കെ. കരുണാകരൻ മെമ്മോറിയൽ സഹകരണ സ്പിന്നിംഗ് മിൽ 97 ലക്ഷം, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് – 39 ലക്ഷം, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ – 34 ലക്ഷം, കെൽ – ഇ.എം. എൽ 27 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങളുടെ കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ വകുപ്പ് പറയുന്നു.
സമയത്ത് ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതു മേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു. കുടിശ്ശിക ഒഴിവായതോടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് കഴിയും. ചരിത്രത്തിലാദ്യമായാണ് പൊതു മേഖലയുടെ ഇത്രയും വലിയ തുക കുടിശ്ശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.