Uncategorized

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്റ്റിൽ, പോക്സോ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.

മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം. പ്രതികൾക്കെതിരെ മറ്റെന്തെങ്കിലും നടപടി മുൻപ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ശിശുക്ഷേമ സമിതിയിൽ 103 ആയമാരാണ് ഉള്ളത്. ഈ ആയമാരെല്ലാം കരാർ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ വിവരം ശിശുക്ഷേമ സമിതി പൊലീസിന് കൈമാറി. കുട്ടിയെ വൈദ്യചികിത്സയ്ക്ക് വിധേയമാക്കി. കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിൻ്റെ പേരിൽ കുട്ടിയുടെ ശരീരത്തിൽ നഖം പതിപ്പിച്ച് നുള്ളി മുറിവേൽപ്പിച്ചു. ഒപ്പം മുന്നിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിലും നുള്ളി മുറിവേൽപ്പിച്ചു. മുറിവുകൾ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു.

സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. ഒരു ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിൻ്റെ ശരീരത്തിൽ നഖം കൊണ്ട് നുള്ളിയ ചെറിയ പാടുകളാണ് ഉള്ളതെന്നും ജി എൽ അരുൺ ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button