പുറത്തുപോയപ്പോൾ സ്റ്റൗവിൽ നിന്ന് ഗ്യാസ് ചോർന്നു, തിരിച്ചെത്തി ഫാൻ ഓണാക്കിയതും പൊട്ടിത്തെറി; 3 പേർക്ക് പരിക്ക്
ബംഗളുരു: പാചക വാതകം ചോർന്നതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ബംഗളുരുവിലെ ഡിജെ ഹള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. സെയ്ദ് നാസിർ പാഷ, ഭാര്യ കുൽസും, ഏഴ് വയസുകാരനായ മകൻ എന്നിവർക്കാണ് പരിക്കേറ്റത്.
വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പാചക വാതകം ചോർന്നുകൊണ്ടിരിക്കെ അത് മനസിലാക്കാതെ കുടുംബാംഗങ്ങൾ എല്ലാവരും വീട് പൂട്ടി പുറത്തുപോയി. തിരികെയെത്തിയപ്പോൾ വീടിനുള്ളിൽ പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടു. സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതാണെന്ന് മനസിലാക്കിയ സെയ്ദ് നാസിർ പാഷ, വാതകം പുറത്തേക്ക് കളയുന്നതിന് വേണ്ടി വീട്ടിലെ സീലിങ് ഫാൻ ഓൺ ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമായത്.
സ്വിച്ച് ഓൺ ചെയ്തതും വീട് മുഴുവൻ നിറഞ്ഞുനിന്നിരുന്ന പാചക വാതകം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി. ദമ്പതികളുടെ അഞ്ച് വയസുള്ള മകൾ സാരമായ പരിക്കുകളില്ലാതെ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട്ടിലെ ഓട് തകർന്ന് ശരീരത്തിൽ പതിച്ചാണ് അഞ്ച് വയസുകാരിക്ക് നിസാര പരിക്കേറ്റത്. ദമ്പതികളുടെ ഏഴ് വയസുള്ള മകൻ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുത്തുള്ള മൂന്ന് കെട്ടിടങ്ങൾക്കും തകരാറുകളുണ്ട്. പൊള്ളലേറ്റ മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. റോഡരികിൽ പാനിപൂരി വിറ്റിരുന്ന ആളാണ് ഗൃഹനാഥനായ സെയ്ദ് നാസിർ പാഷ. സംഭവത്തിൽ ഡിജെ ഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്.