ചിറക് വിരിച്ച് വിഴിഞ്ഞം തുറമുഖം, ട്രയൽ റൺ കഴിഞ്ഞു, ഇനി അടുത്തഘട്ടത്തിലേക്ക്; കൊമേഴ്സ്യൽ ഓപ്പറേഷൻസ് ഇന്ന് മുതൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കും. ട്രയൽ റൺ കാലയളവ് പൂർത്തീയായതോടെയാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് തുടങ്ങുന്നത്. ഇതിനകം തന്നെ വലിയ മത്സര ക്ഷമത കാഴ്ചവെച്ചാണ് അന്താരാഷ്ട്ര തുറമുഖ മേഖലയിൽ വിഴിഞ്ഞം ഇടമുറപ്പിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനകം 10,000 കോടി രൂപയുടെ നിക്ഷേപമിറക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് അദാനി പോര്‍ട് അധികൃതരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണ.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായി നാലു മാസം മാത്രം പിന്നിടുമ്പോള്‍ വലുതും ചെറുതുമായ 70 വെസ്സലുകളാണ് വന്ന് പോയത്. 1,47000 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ചു. ജിഎസ് ടി ഇനത്തിൽ ഇതുവരെ 18 കോടി രൂപയോളം സംസ്ഥാന സര്‍ക്കാരിലേക്ക് വരുമാനം എത്തി. ഒരു സാമ്പത്തിക വര്‍ഷത്തിനിടെ ലക്ഷ്യമിട്ടത് അതിന്‍റെ കാൽഭാഗം കൊണ്ട് പൂര്‍ത്തിയാക്കിയതും തുടക്കത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ അതിവേഗം പരിഹരിക്കാനായതും വലിയ നേട്ടമായി കാണുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി.
ലോകത്തെ വൻകിട ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി അവരുടെ ഏഷ്യാ യൂറോപ്പ് സ്ഥിരം ചരക്ക് പാതയിൽ വിഴിഞ്ഞത്തെ ഉൾപ്പെടുത്തുക കൂടി ചെയ്തതോടെ നിലവിലുള്ള സൗകര്യങ്ങൾ മതിയാകാത്ത അവസ്ഥയുമുണ്ട് വിഴിഞ്ഞത്ത്. അതുകൊണ്ടുതന്നെ അടുത്ത ഘട്ട വികസനം വേഗത്തിൽ നടപ്പാക്കാൻ അദാനി പോര്‍ട്ടും നിര്‍ബന്ധിതരായിരിക്കുകയാണ്. 400 മീറ്ററോളം ദൂരമുള്ള കപ്പൽ അടക്കം വിഴിഞ്ഞത്ത് എത്തി. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്രയും നീളമേറിയ കപ്പൽ നങ്കൂരമിടുന്നതെന്നും ഏറെ പ്രതീക്ഷയോടെയാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസിലേക്ക് കടക്കുന്നതെന്നും വിഴിഞ്ഞം ഇൻറര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്‍റെ എംഡി ദിവ്യ എസ്‍ അയ്യര്‍ പറഞ്ഞു.