അവരും നമ്മളിലൊരാൾ; ഇന്ന് ലോക ഭിന്നശേഷി ദിനം
ഇന്ന് ലോക ഭിന്നശേഷി ദിനം (International Day of Persons with Disabilities). എല്ലാ വർഷവും ഡിസംബർ മൂന്നിനാണ് ഈ ദിനം ആചരിക്കുന്നത്. സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്.
സന്ദേശവുമായി യുഎന്‍
ഉള്‍ച്ചേര്‍ന്നതും സുസ്ഥിരവുമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തണമെന്നാണ് ഐക്യരാഷ്ടസഭാ സമിതിയുടെ ആഹ്വാനം. സുസ്ഥിരവുമായ ഒരു ഭാവി കൈവരിക്കാൻ ഭിന്നശേഷിയുമുള്ളവരുമായി നമുക്ക് പ്രവർത്തിക്കാമെന്നാണ് ഈ ദിനത്തില്‍ യുഎന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗഡില്‍ കുറിച്ചിരിക്കുന്നത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തുകയും പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിക്കുകയും ചെയ്തിരുന്നു. ശേഷം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
ഓര്‍മ്മിപ്പിച്ച് മന്ത്രി ഡോ. ആര്‍ ബിന്ധു
ഭിന്നശേഷി സൗഹൃദ കേരളം എന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ധു അന്താരാഷ്ട്ര ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ‘ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിയ്ക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ദ്ധിപ്പിയ്ക്കുക’ എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം. ചേർത്തു പിടിക്കാം… നമുക്ക് ഹൃദയങ്ങൾ’- മന്ത്രി കുറിച്ചു.