Uncategorized

കസേരയിൽ മൊബൈൽ നോക്കിയിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് ‘ദിയമോൾ’ ബസ് ഇടിച്ചുകയറിയത് ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും

കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാൻഡിൽ യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. കുമളി സ്വദ്ദേശി വിഷ്ണു പതിരാജ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്.

വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറിൽ നിന്നുമെത്തി നെടുങ്കണ്ടത്തിനു പോകാൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദിയമോൾ എന്ന ബസ്സ് വിഷ്ണുവിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്‍റെ നെഞ്ചിനൊപ്പം ബസിന്‍റെ മുൻഭാഗം കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്. കാലിന് നിസാര പരിക്കേറ്റ വിഷ്ണുവിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചിരുന്നു. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പിന്നാലെ പുറത്തു വന്നിരുന്നു.

ഇരിപ്പിടത്തിനു മുന്നിലുള്ള പടികളുടെ ഉയരക്കുറവും ബസ് എളുപ്പത്തിൽ വരാന്തയിലേക്ക് കയറാൻ കാരണമായിട്ടുണ്ട്. സംഭവം വാർത്തയായതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബൈസൺവാലി സ്വദേശി സിറിൾ വർഗീസാണ് ബസിന്‍റെ ഡ്രൈവറെന്ന് കണ്ടെത്തുകയും ചെയ്തു. ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെയാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എം വി ഡി തുടങ്ങിയത്. ലൈസൻസ് റദ്ദാക്കുന്നതിനു മുന്നോടിയായി ഡ്രൈവറോട് വ്യാഴാഴ്ച ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിംഗിന് ശേഷമാകും എം വി ഡിയുടെ നടപടിയുണ്ടാകുക. സംഭവത്തിൽ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്നാണ് എം വി ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button