‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം, വെള്ളം വലിയ വ്യവസായമായി’; നീരുറവകൾ വീണ്ടെടുക്കണമെന്ന് മന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കനാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് എക്കാലിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മാച്ചിറകുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെള്ളം വലിയ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. 245 കോടിയുടെ കുപ്പിവെള്ളം കേരളം വാങ്ങുന്നുണ്ടെന്നും സംസ്ഥാനത്തെ നദികളും നീരുറവകളും സംരക്ഷിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ജല സ്രോതസുകളിൽ ഒഴുക്ക് ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ഹരിതകേരള മിഷനിലൂടെ സർക്കാർ നടപ്പാക്കുന്നുണ്ട്. മാസത്തിൽ ഒരിക്കൽ കുളം വൃത്തിയാക്കനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കുളം നിർമ്മിച്ച കരാറുകാരനും സ്ഥലം വിട്ടു നൽകിയവർക്കുമുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായി.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ വെറോണി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം രമേശൻ, പി.എം മോഹനൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സജേഷ്, സി.കെ അനിൽകുമാർ മാസ്റ്റർ, ഹരിത കേരളമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സോമശേഖരൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിഷേക് കുറുപ്പ്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എം മാത്യു, വാർഡ് അംഗം ടി.വി പ്രജീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.