Uncategorized

‘പ്രതി ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്’, വഴിത്തിരിവായി സിസിടിവി ദൃശ്യം;1.21 കോടിയും 267 പവനും കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറൽ എസ്‍പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു.

എന്നാൽ, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തിൽ തിരിച്ചുവെച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കേസിൽ മോഷണം നടന്ന വീട്ടുടമസ്ഥൻ അഷ്റഫിന്‍റെ അയല്‍ക്കാരനായ ലിജീഷിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 250 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. 35 ലോഡ്ജുകളിൽ പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ചശേഷം മിനിഞ്ഞാന്ന് ചോദ്യം ചെയ്യാൻ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിരലടയാളങ്ങൾ ശേഖരിച്ചപ്പോൾ കീച്ചേരിയിലെ പ്രതിയുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയതോടെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പ്രതിയുടെ വീട്ടിൽ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവൻ സ്വർണ്ണവുമാണ് കണ്ടെടുത്തത്. സഞ്ചിയിലാക്കിയാണ് മോഷണ വസ്തുക്കള്‍ വീട്ടിൽ നിന്ന് കൊണ്ടുപോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button