ഒരു ലക്ഷം എടുത്ത് നൽകിയാൽ 2000 രൂപ കമ്മീഷന്‍; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികൾ
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തില്‍ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്. തട്ടിയെടുക്കുന്ന പണം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കിയാല്‍ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മില്‍ നിന്നും എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമെറും. ഒരു ലക്ഷം എടുത്ത് നല്‍കിയാല്‍ 2000 രൂപയാണ് കമ്മീഷന്‍.
തട്ടിപ്പ് സംഘങ്ങള്‍ രക്ഷപ്പെടുമ്പോള്‍, അക്കൗണ്ട് എടുത്ത് നല്‍കുന്നവരായിരിക്കും പിടിക്കപ്പെടുക.കൊല്‍ക്കത്ത ബിഹാര്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മലയാളികളെ കേസില്‍ പ്രതിയാക്കി ഉത്തരേന്ത്യന്‍ സംഘം രക്ഷപ്പെടും.
സൈബര്‍ കേസുകളില്‍ കൂടുതലും അറസ്റ്റിലാകുക ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കുന്നവരാകും.കൂടുതല്‍ അക്കൗണ്ടുകളും കൊടുവള്ളിയിലും സമീപപ്രദേശത്തുമാണ്. കോടികളാണ് അക്കൗണ്ടിലേക്ക് എത്തിയത്. കേരളത്തിലെ ഡിജിറ്റല്‍ അറസ്റ്റ് മാഫിയയുടെ പ്രധാന കണ്ണിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികളെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹസില്‍ (22) കോഴിക്കോട് സ്വദേശി കെ.പി. മിസ്ഹാപ് (21) എന്നിവര്‍ വാഴക്കാല സ്വദേശി ബെറ്റി ജോസഫ് എന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റിലായത്.