Uncategorized

മോഷ്ടിച്ച കോടികൾ ലിജീഷ് സൂക്ഷിച്ചത് സ്വന്തം കട്ടിലിൻ്റെ അടിയിൽ

കണ്ണൂർ: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ഒരു കോടി രൂപയും 300 പവനും ലിജീഷ് സൂക്ഷിച്ചത് ‘പൊന്ന് പോലെ’. കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് ലിജീഷ് പണവും മറ്റും സൂക്ഷിച്ചത്.

പ്രതി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവ്യക്തമായ ദൃശ്യങ്ങളിൽ റൂമിൽ കയറിയ ശേഷം കർട്ടൻ വലിച്ചുനീക്കുന്ന പ്രതിയുടെ ദൃശ്യമാണ് ഉള്ളത്. പ്രതിയെ പിടിച്ചതിൻ്റെ സന്തോഷസൂചകമായി പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ മധുരം വിതരണം ചെയ്തു. പ്രതിയായ ലിജീഷിനെ ആർക്കും മുൻപൊരിക്കലും സംശയം തോന്നിയിരുന്നില്ല എന്ന് നാട്ടുകാരും പറഞ്ഞു. ഇടക്കാലത്ത് ഇയാൾ ഗൾഫിലായിരുന്നുവെന്നും മറ്റൊരു കവർച്ചാക്കേസിലെ പ്രതിയെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യമാണുണ്ടായതെന്നും നാട്ടുകാർ പറയുന്നുണ്ട്.

ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്ന് കൃത്യമായി അറിഞ്ഞത് പോലെയായിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു. മോഷണം നടന്നയിടത്തുനിന്ന് ലഭിച്ച ഒരു ചുറ്റികയും കൂടിയാണ് പൊലീസിന് ഒരു നിർണായക തുമ്പായി മാറിയത്. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഇതോടെ ലിജീഷിലേക്ക് അന്വേഷണം എത്തുകയും പിടിയിലാവുകയും ആയിരുന്നു. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.

അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്‌റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button