Uncategorized

മിന്നല്‍ നീക്കം;വാഹനാപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം നാലു മണിക്കൂറിനുള്ളിൽ ചെന്നൈയില്‍ എത്തിച്ച് ഇരിട്ടി പോലീസ്

ഇരിട്ടി: വാഹനാപകടത്തില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ ഇരിട്ടി പോലീസ് നടത്തിയ മിന്നല്‍ നീക്കം ചെന്നൈ പോലീസിനേയും അപകടത്തില്‍ മരിച്ച യുവാവിന്റെ ബന്ധുക്കളേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തി. ചുഴലിക്കാറ്റില്‍ ചെന്നൈ നഗരം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് നാലു മണിക്കൂര്‍ കൊണ്ട് ഇരിട്ടിയില്‍ നിന്നും ചെന്നൈയില്‍ എത്തിയുള്ള ഇരിട്ടി പോലീസിന്റെ മിന്നല്‍ നീക്കം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനും ഇരിട്ടിയില്‍ നിന്നും പോലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ചുരുങ്ങിയത് രണ്ട് മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് ചെന്നൈ പോലീസ് മരിച്ച യുവാവിന്റെ കുടുംബത്തെ അറിയിച്ചിരിക്കെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിട്ടി പോലീസ് ചെന്നൈയില്‍ എത്തിയത്.

ചെന്നൈ സ്വദേശിയായ ഗൗതം ( 28) ആണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.ഗൗതം മറ്റ് മൂന്ന് സുഹൃത്തക്കള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും ഒരു മാസം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ കാണാനെത്തി തിരിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ ഇരിട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നോത്ത് 32-ാം മൈലില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്.ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.തലയ്ക്ക് സാരമായിപരിക്കേറ്റ ഗൗതമിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ഏറെ നാള്‍ കഴിയവെ കുടുംബം വിദഗ്ധ ചികിത്സയ്ക്കായി ഗൗതമിനെ ചെന്നൈയിലേക്ക് മാറ്റി. അവിടെ നിന്നാണ് ഞായറാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.

ഇരിട്ടിയില്‍ വെച്ചുണ്ടായ അപകടമായതിനാല്‍ ഇന്‍ക്വസ്റ്റ് നടത്തേണ്ടത് ഇരിട്ടി പോലീസായിരുന്നു.ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് ഇരിട്ടി സി.ഐ എ.കുട്ടിക്കൃഷ്ണന് ഇത് സംബന്ധിച്ച് കുടുംബത്തില്‍ നിന്നും വിവരം ലഭിച്ചത്.ഉടന്‍ തന്നെ സി.ഐ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക ഏര്‍പ്പാട് ചെയ്തു. അവധിയിലായിരുന്ന ഇരിട്ടി എസ് .ഐ റെജി സ്‌ക്കറിയ അവധി ഒഴിവാക്കി ചെന്നൈയിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചതോടെ പിന്നീട് സംഭവിച്ചതെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു.ഉടന്‍ തന്നെ സി.ഐ കുട്ടികൃഷ്ണന്‍ മട്ടന്നൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ യാത്രാ സൗകര്യവും ഒരുക്കി.ഇതിനിടയില്‍ അപകടവുമായി ബന്ധപ്പെട്ട് ഇരിട്ടി പോലീസ് തെയ്യറാക്കിയ എഫ്.ഐ.ആര്‍ ഉള്‍പ്പെടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റവും നടത്തി. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഇരിട്ടി എസ്.ഐ റെജിസ്‌ക്കറിയ ചെന്നൈ പോലീസ് സ്റ്റേഷനില്‍

എത്തുമ്പോള്‍ ഇരിട്ടി പോലീസിന് രേഖാമൂലം ഇന്‍ക്വസ്റ്റിനുള്ള അറിയിപ്പ് പോലും ചെന്നൈ പോലീസ് തെയ്യറാക്കിയിരുന്നില്ല. ദിവസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് കാത്തിരിക്കേണ്ട സാഹചര്യം ഇരിട്ടി പോലീസ് ഇല്ലാതാക്കിയത് കുടുംബത്തിനും ഗൗതമിന്റെ നാട്ടുകാര്‍ക്കും വലിയൊരനുഗ്രഹവുമായി.ഐ.ടി ജീവനക്കാരനായിരുന്നു മരിച്ച ഗൗതം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button