ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ; നടപടി പുനഃപരിശോധിക്കാൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നൽകും. വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയിൽ ലോഡ് കയറ്റിയപ്പോഴാണ് ശിവപ്രസാദിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ ഇടപെടൽ.
ഇക്കഴിഞ്ഞ 18 ന് പൊലീസുകാരൻ ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്ന് ശിവപ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകിയിരുന്നു.
അമിതഭാരം കയറ്റിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയത്. പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഗണേഷ്കുമാർ നേരത്തേ പറഞ്ഞിരുന്നു. പിഴ ചുമത്തുന്നതിലടക്കം സംസ്ഥാനത്ത് എല്ലാ നിയമങ്ങളും നടപ്പാക്കാൻ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.