പാതിരാത്രി വീടുകയറി ആക്രമിച്ചു, പരാതിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ; പ്രതികളെ കണ്ടെത്താൻ അന്വേഷണം
പൂച്ചാക്കൽ: പാതിരാത്രി വീടുകയറി ആക്രമിച്ച് വീടിന് കേടുപാടുകൾ വരുത്തിയെന്ന് ആരോപിച്ച് വീട്ടമ്മ ചേർത്തല പൊലീസിൽ പരാതി നൽകി. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് പടിഞ്ഞാറെ കുട്ടൻചാൽ, ലക്ഷ്മിത്തറയിൽ ബിന്ദുവിന്റെ വീടാണ് അക്രമികൾ തകർത്തത്. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം.
ഒരു മാസം മുമ്പ് ബിന്ദുവിന്റെ മക്കളും കുട്ടൻ ചാലിൽ തന്നെയുള്ള സജ്ഞപ്പനും ഷൈജുവുമായി വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഇവർ, രാത്രി ബിന്ദുവിന്റെ വീട്ടിലെത്തി വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടാക്കിയിരുന്നു. ഭയന്ന് വീട്ടിൽക്കയറി വാതിൽ അടച്ചിട്ടിരിക്കുകയായിരുന്ന ബിന്ദുവും മക്കളേയും പുലർച്ചെ രണ്ടു മണിയോടെ സഞ്ജപ്പനും ഷൈജുവും മറ്റൊരാളുമായി എത്തി വീടിന്റെ ജനൽ ചില്ലുകളും അടിച്ചു നശിപ്പിക്കുകയും വാതിൽ ചവിട്ടിതുറന്ന് അകത്ത് കയറാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.