Uncategorized

350 കോടി ചെലവിൽ റോബോ ലോകം; കേരളത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് തൃശൂരിൽ, ധാരണാപത്രം ഒപ്പിട്ടു

തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക് പാർക്ക് തൃശൂരിൽ. വിനോദവും വിജ്ഞാനവും പുതിയ തൊഴിലവസരങ്ങളുമെല്ലാം ഒരുങ്ങുന്ന പാർക്കിന്‍റെ ധാരണാ പത്രം ഒപ്പിട്ടു. കോവളത്ത് സ്റ്റാർട്ട് ആപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സമ്മേളനത്തിൽ വച്ചാണ് ഇൻകർ റോബോട്ടിക്സുമായി ധാരണാപത്രം കൈമാറിയത്.

തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ കൈവശം രാമവർമ്മ പുരത്തുളള ഭൂമിയിലാണ് റോബോ പാർക്ക് വരുന്നത്. 10 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. ആധുനിക സാങ്കേതിക വിദ്യാ വികാസങ്ങളെ അടുത്തറിയുന്ന രീതിയിലാണ് പാർക്ക് സജ്ജമാകുന്നത്. റോബോട്ടിക് – എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നൂതന പരീക്ഷണങ്ങള്‍ പാർക്കിലൊരുക്കും. ശാസ്ത്രം എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്ന് യുവതലമുറയെ ബോധ്യപ്പെടുത്താൻ കഴിയും വിധമാണ് പാർക്കൊരുക്കുന്നത്. ഇതുവഴി പുതിയ സ്റ്റാർട്ട് അപ്പുകളുടെ തുടക്കവും ലക്ഷ്യമിടുന്നു. ഇൻകർ എന്ന കമ്പനിയാണ് റോബോ പാർക്കൊരുക്കുന്നത്. സംരംഭത്തിനുള്ള പണം കമ്പനിയാണ് മുടക്കുന്നത്.

350 കോടിയാണ് റോബോ പാർക്കിലെ നിക്ഷേപം. ആദ്യ ഘട്ടത്തിൽ 50 കോടിയാണ് കമ്പനി മുടക്കുന്നത്. പ്രവേശന ഫീസിൽ നിന്നാണ് തിരികെയുള്ള വരുമാനം കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ പാർക്കോടെ പൂര നഗരം ടെക്നോളജി നഗരവുമായി മാറുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ, കോവളത്ത് നടക്കുന്ന സ്റ്റാർട്ട് അപ്പ് സമ്മേളനമായ  ഹഡിൽ ഗ്ലോബലിൽ യുവ സംരംഭകരുടെ നൂറു കണക്കിന് ആശയങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എല്ലാ മേഖലകളുടെയും വളർച്ചയ്ക്ക് ഉപയോഗപ്പെടും വിധമുള്ള ഗവേഷണങ്ങള്‍ സ്റ്റാർട്ടപ്പുകള്‍ നടത്തണമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button