14 വയസ്സുകാരൻ ഡ്രൈവറും, നാലു വയസ്സുകാരൻ സഹയാത്രികനും ; മാതാപിതാക്കൾക്കെതിരെ കേളകം പോലീസ് കേസെടുത്തു
കേളകം.നാല് വയസ്സുള്ള കുട്ടിയേയും കൂട്ടി 14 വയസ്സുള്ള പയ്യൻ രാത്രി തിരക്കുള്ള ടൗണിലൂടെ വാഹനമോടിച്ചതിന് മാതാപിതാക്കൾക്ക് എതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രി 8 .30 ന് കേളകം ടൗണിൽ വച്ച് കേളകം എസ്ഐ വി.വി.ശ്രീജേഷും സംഘവുമാണ് കുട്ടി ഡ്രൈവറേയും കുട്ടിയേയും പിടികൂടിയത്. വളരെ ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട് പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനമോടിക്കുന്നതെന്ന് വ്യക്തമായത്. കേളകം ടൗണിലെ ഏറ്റവും തിരക്കുള്ള -അടക്കാത്തോട് റോഡ് ജംഗ്ഷനിൽ വെച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.
.തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിൽ അശ്രദ്ധയിൽ കാർ ഓടിച്ചതിനാണ് കേസ്. കുട്ടിക്ക് ആരാണ് കാർ ഓടിക്കാൻ തന്നത് എന്ന് ചോദിച്ചപ്പോൾ അമ്മയാണ് തന്നതെന്നാണ് കുട്ടി പൊലീസിന് മൊഴി കൊടുത്തത്. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാവ് ക്ലാരമ്മ, വാഹനത്തിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ ഇ.കെ.ബേബി എന്നിവർക്കെതിരെ കേസെടുത്തത്. വാഹനം ഓടിച്ചയാൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്നും കുട്ടിയുടെ പ്രായവും സുരക്ഷിതത്വവും കണക്കിലെടുക്കാതെയും മറ്റ് വഴിയാത്രക്കാരുടേയും വാഹന യാത്രക്കാരുടേയും ജീവന് അപകടം വരത്തക്കവിധം ഓടിക്കാൻ കുട്ടിയുടെ അമ്മ അനുവാദം നൽകിയതാന്നുമുള്ള കാരണങ്ങളാൽ വാഹനം കസ്റ്റഡിയിൽ എടുത്ത് ഭാരതീയ ന്യായ് സംഹിത & സെക്ഷൻ 180, 199 എ, എംവി എ ആക്ട് ആയി കേസ്സ് രജിസ്റ്റർ ചെയ്തു. 50, 000 രൂപ വരെ പിഴയും മറ്റ് നടപടികളും ലഭിക്കാവുന്ന കുറ്റമാണിത്. പിതാവിന് ലൈസൻസ് ഉണ്ടെങ്കിൽ അതും റദ്ദാക്കാവുന്നതാണ്.