മായയെ കൊലപ്പെടുത്തി ആരവ് രക്ഷപ്പെട്ടിട്ട് 3 ദിവസം; കണ്ണൂരിലെ വീട്ടിലെത്തി അന്വേഷിച്ച് പൊലീസ്, 2 അന്വേഷണസംഘങ്ങൾ
ബെംഗളൂരു: ബെംഗളുരുവിൽ അസമീസ് പെൺകുട്ടിയെ കുത്തിക്കൊന്ന് രക്ഷപ്പെട്ട കണ്ണൂർ സ്വദേശി ആരവ് ഹനോയ് മൂന്നാം ദിവസവും കാണാമറയത്ത്. ആരവിനെ പിടികൂടാൻ രണ്ട് അന്വേഷണസംഘങ്ങൾ രൂപീകരിച്ചതായി ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ് വ്യക്തമാക്കി. ബെംഗളുരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുമാകും രണ്ട് സംഘങ്ങളും അന്വേഷണം നടത്തുക.
ആരവിനെ കണ്ട ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പരിശോധിച്ച് വരികയാണ് പൊലീസ്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കർണാടക പൊലീസിന് നിർണായക വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണ് ആരവിന്റെ വീട്ടിലുള്ളത്. പ്രണയപ്പകയോ പരസ്പരമുള്ള അഭിപ്രായഭിന്നതകളോ ആണ് മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. മായ ഇത് മായയുടെ സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോൺ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകൾ കോളുകൾ വഴിയും ചാറ്റുകൾ വഴിയും മായ സംസാരിച്ചെന്ന് കണ്ടെത്താനായിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നു.