അഭിമന്യുവിൻ്റെ വിപ്ലവ ജീവിതം പറഞ്ഞ സിനിമ- നാൻ പെറ്റ മകൻ; ‘2 കോടിയിലധികം തട്ടി’, സംവിധായകനെതിരെ പരാതി
കൊച്ചി: കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയുടെ സംവിധായകനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. സിപിഎം നേതാവും സംവിധായകനുമായ സജി എസ് പാലമേലിനെതിരെ പത്തനംതിട്ട റാന്നി സ്വദേശി സുനിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 2 കോടിയിലധികം രൂപ തട്ടിയെടുത്തതിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സുനിൽ കുമാർ പറയുന്നു.
അഭിമന്യുവിൻ്റെ വിപ്ലവജീവിതം പറഞ്ഞ സിനിമയായിരുന്നു നാൻ പെറ്റ മകൻ. ഇടതു രാഷ്ട്രീയ പിന്തുണയോടെ നിർമ്മിക്കപ്പെട്ട സിനിമ ബോക്സ് ഓഫീസിൽ അത്രകണ്ട് ശോഭിച്ചില്ല. സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗമായ സജി എസ് പാലമേൽ ആണ് സംവിധായകൻ. ചിത്രം റിലീസായി 5 വര്‍ഷം പിന്നിടുമ്പോഴാണ് സജിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയരുന്നത്. നിർമാതാവ് എന്ന് വിശ്വസിപ്പിച്ച് സിനിമയ്ക്കായി 2.32 കോടി സജി വാങ്ങി. ഇത്രയും പണം മുടക്കിയിട്ടും സെൻസർ സർട്ടിഫിക്കറ്റിൽ അടക്കം സജിയുടെ പേരാണ്. പ്രദർശനാവകാശം കൈമാറിയതിൽ കിട്ടിയ ചെറിയ തുക മാത്രം തിരികെ നൽകി. ബാക്കി തുക കബളിപ്പിച്ചെന്നാണ് ആക്ഷേപം.
റാന്നി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയില്ലാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത് എന്ന് സുനിൽ പറഞ്ഞു. എന്നാൽ സംവിധായകനും സിപിഎം നേതാവുമായ സജി പാലമേലിൻ്റെ വിശദീകരണം ഇങ്ങനെയാണ്:- സിനിമ സാമ്പത്തികമായി നഷ്ടമായിരുന്നു. 3 വര്‍ഷം മുന്‍പ് സിപിഎം സമ്മേളന കാലത്താണ് ആദ്യം ഈ ആരോപണം ഉയരുന്നത്. അന്ന് പൊലീസില്‍ പരാതി നൽകി. ഇക്കുറിയും സമ്മേളനകാലത്ത് തന്നെ മാത്രം ലക്ഷ്യം വെച്ച് ചിലർ ഒരു അടിസ്ഥാനവും ഇല്ലാത്ത തട്ടിപ്പ് കഥയുമായി ഇറങ്ങിയത് ആണ് എന്നും സജി പറയുന്നു.