Uncategorized

ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നം വിതരണം ചെയ്തു; ഫ്ലിപ്കാര്‍ട്ടിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

വാങ്ങുന്ന വസ്തുവിന്‍റെ ഗുണനിലവാരം ഉപഭോക്താവിന്‍റെ അവകാശമാണ്. എന്നാല്‍, പലപ്പോഴും വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങള്‍ക്ക് ഗുണനിലവാര കുറവ് രേഖപ്പെടുത്തുന്നത് വിപണിയെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത ഉത്പ്പന്നം വിതരണം ചെയ്തെന്ന് ആരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനും അതിന്‍റെ വിൽപ്പനക്കാരിൽ ഒരാൾക്കുമെതിരെ യുവതി നല്‍കിയ പരാതിയില്‍ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി.

“നോ റിട്ടേൺ പോളിസി” എന്ന വാദം ചൂണ്ടിക്കാട്ടി ഉൽപ്പന്നം തിരികെ സ്വീകരിക്കാൻ ഫ്ലിപ്കാർട്ട് വിസമ്മതിച്ചത് അന്യായമായ വ്യാപാര രീതിയാണെന്നും ഇത് സേവനത്തിന്‍റെ അപര്യാപ്തതയെ കാണിക്കുന്നെന്നുമായിരുന്നു ബാർ ആൻഡ് ബെഞ്ചിന്‍റെ നിരീക്ഷണം. ഗോരേഗാവിൽ താമസിക്കുന്ന തരുണ രജ്പുത് എന്ന യുവതി കഴിഞ്ഞ ഒക്ടോബർ 9 നാണ് ഫ്ലിപ്കാർട്ടിൽ നിന്ന് 4,641 രൂപയ്ക്ക് 13 കണ്ടെയ്നർ ഹെർബലൈഫ് ന്യൂട്രീഷൻ ഫ്രഷ് എനർജി ഡ്രിങ്ക് മിക്സ് വാങ്ങിയത്. ഒക്ടോബർ 14 ന് പാര്‍സൽ എത്തിയപ്പോള്‍ ഉൽപ്പന്നം ഗുണനിലവാരം കുറഞ്ഞതാണെന്ന് ബോധ്യപ്പെട്ടു.

പാര്‍സലായി എത്തിയ ഉൽപ്പന്നത്തില്‍ ക്യുആർ കോഡ് ഇല്ലായിരുന്നു, അതിന്‍റെ നിറവും ഗുണവും യഥാര്‍ത്ഥ ഉത്പ്പന്നത്തിന്‍റെതായിരുന്നില്ല. ഇതോടെയാണ് തനിക്ക് ലഭിച്ചത് ഗുണനിലവാരമില്ലാത്തതാണെന്ന് യുവതിക്ക് മനസിലായത്. ഇതോടെ പാര്‍സൽ തിരിച്ചേല്‍പ്പിക്കാന്‍ യുവതി തയ്യാറായെങ്കിലും ഫ്ലിപ്കാർട്ട് തങ്ങളുടെ ‘ നോ റിട്ടേൺ പോളിസി’ ചൂണ്ടിക്കാട്ടി വിറ്റ സാധനം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ടു. യുവതി നിരവധി തവണ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ പരിഹാരം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കേസില്‍ വാദം കേട്ട കോടതി വ്യാജ ഉൽപ്പന്നത്തിന്‍റെ ഫോട്ടോകളും ഫ്ലിപ്കാർട്ടിന്‍റെ കസ്റ്റമർ കെയറുമായുള്ള സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും പരിശോധിച്ചു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ‘റിട്ടേൺ പോളിസി എന്ന കാരണം ഉയര്‍ത്തി സാധനം തിരിച്ചെടുക്കാത്തത് അന്യായമായ വ്യാപാര സമ്പ്രദായം സ്വീകരിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന യുവതിയുടെ ആവശ്യം തള്ളിയ കോടതി 2023 ഒക്ടോബർ 21 മുതൽ 9 ശതമാനം പലിശ സഹിതം 4,641 രൂപ തിരികെ നൽകാൻ ഫ്ലിപ്കാർട്ടിനോടും വിൽപ്പനക്കാരനോടും ഉത്തരവിട്ടു. ഒപ്പം യുവതിയുടെ കോടതി ചെലവുകള്‍ കൂടിച്ചേര്‍ത്ത് 10,000 രൂപ നല്‍കാനും നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button