Uncategorized

ജെയ്സി കൊലപാതകം; പ്രതി മൊബൈൽ ഫോൺ പാറമടയിൽ എറിഞ്ഞെന്ന് പൊലീസ്, മുങ്ങി തപ്പി സ്കൂബ ഡൈവർമാർ

കൊച്ചി: എറണാകുളം കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഗിരീഷ് ബാബുവിനെ തെങ്ങോടുള്ള പാറമടയിലെത്തിച്ചാണ് പൊലീസ് തെളിവ് ശേഖരിച്ചത്. പ്രതി മൊബൈൽ ഫോൺ എറിഞ്ഞത് ഈ പാറമടയിലാന്നെന്ന് പൊലീസ് പറഞ്ഞു. പാറമടയിൽ മുങ്ങി തപ്പിയ സ്കൂബ ഡൈവർമാർ രണ്ട് ഫോണുകള്‍ കണ്ടെടുത്തു.

റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായിരുന്ന ജെയ്സി എബ്രഹാമിനെ ഇൻഫോപാർക്ക് ജീവനക്കാരനായി ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങൾ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്. ഉരുക്കി സൂക്ഷിച്ച രീതിയിൽ രണ്ട് വളകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

ഈ മാസം 17നാണ് ജെയ്സി എബ്രഹാമിനെ അപ്പാർട്ട്മന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ തന്നെ പൊലീസിന് കൊലപാതകമാണെന്ന് മനസ്സിലായി. പോസ്റ്റ്മോർട്ടത്തിൽ തലയിൽ പത്തോളം മുറിവുകളുണ്ടെന്നും അതിലൊന്ന് ആഴത്തിലുള്ളതാണെന്നും വ്യക്തമായി. റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം

.ഹെൽമറ്റ് ധരിച്ച് ബാഗ് തൂക്കി ഒരാൾ നടന്നു വരുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറങ്ങുന്നതും അപ്പാർട്ട്മെന്‍റിന് പുറത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പിന്നീട് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഈ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. ഗിരീഷ് ബാബുവിന്‍റേയും ഖദീജയുടേയും സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്സി. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്ന ഗിരീഷ് ഖദീജയുമായി ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തു.

ഫ്ളാറ്റിൽ മറ്റാരും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഞായറാഴ്ചയാണ് കൊല നടത്താൻ തെരഞ്ഞടുത്തത്. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമെറ്റ് ധരിച്ചായിരുന്നു അന്ന് മുഴുവൻ ദിവസവും ഗിരീഷിന്‍റെ സഞ്ചാരം. 10.20ന് അപ്പാർട്ട്മെന്‍റിലെത്തിയ ഗിരീഷ് ജെയ്സിക്കൊപ്പം മദ്യപിക്കുകയും ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് ജയ്‌സിയുടെ തലയ്ക്ക് പലവട്ടം അടിക്കുകയും നിലവിളിക്കാൻ ശ്രമിച്ച ജയ്സിയുടെ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു.

തുടർന്ന് മരണം ഉറപ്പാക്കിയ പ്രതി കുളിമുറിയിൽ തെന്നി വീണാണ് മരണം എന്ന് തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. ജെയ്സി കൈകളിൽ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ വളകളും ജെയ്സിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഗിരീഷ് കൈക്കലാക്കി. കൊലപാതക വിവരം കൂട്ടുപ്രതിയായ ഖദീജയെ അറിയിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിനും പരിസരത്തും എത്തി പൊലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. 15 അംഗം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു പ്രതിക്കായുള്ള പൊലീസ് തിരച്ചിൽ. കൃത്യം നടത്തി ഏഴാം ദിവസമാണ് പ്രതിയും സുഹൃത്തും പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button