‘ബിജെപിയില്‍ ചേര്‍ന്നാല്‍ വിലക്ക് നീങ്ങും, സർക്കാർ പകപോക്കുകയാണ്’; ആഞ്ഞടിച്ച് ബജ്‌റംഗ് പുനിയ
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം ബജ്‌റംഗ് പുനിയ. തനിക്കെതിരായ നടപടി അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ പുനിയ സര്‍ക്കാര്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങുമെന്നും ഗുസ്തി താരം തുറന്നടിച്ചു.
‘ഇത് തന്നെ ഒരിക്കലും ഞെട്ടിച്ചില്ല. കാരണം ഇത്തരം നടപടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്നതാണ്. നാഡയ്ക്ക് സാമ്പിള്‍ അയയ്ക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. കാലാവധി കഴിഞ്ഞ കിറ്റുമായാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വേണ്ടി എന്റെ വീട്ടിലെത്തിയത്. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു’, ബജ്‌റംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു.
‘കാലാവധി കഴിഞ്ഞ കിറ്റുകള്‍ ഒരു കളിക്കാരനും പരിശോധനയ്ക്ക് വേണ്ടി നല്‍കരുത്. അങ്ങനെ ചെയ്യുന്നത് അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ കാണുകയും ചെയ്തിട്ടുണ്ട്. 2023ല്‍ മാത്രമല്ല 2020, 2021, 2022 വര്‍ഷങ്ങളിലും അവര്‍ കാലാവധി കഴിഞ്ഞ കിറ്റുകളുമായാണ് എത്തിയത്. ഞാന്‍ സാമ്പിള്‍ നല്‍കിയതിന് ശേഷം സുഹൃത്തുക്കള്‍ കിറ്റ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലായത്. ഉടനെ ഒരു വീഡിയോ ചിത്രീകരിച്ച് നാഡയ്ക്ക് അയച്ചുകൊടുക്കുകയും വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല’, പുനിയ വ്യക്തമാക്കി.
ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) യുടെ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇത്തരം നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നും പുനിയ ആരോപിച്ചു. ‘വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തതാണ് ഈ നടപടികളുടെ പിന്നില്‍. സര്‍ക്കാര്‍ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നുന്നു’
‘കഴിഞ്ഞ 10-12 വര്‍ഷമായി ഞാന്‍ മത്സര രംഗത്തുണ്ട്. ഇതിനുമുന്‍പും എല്ലാ ടൂര്‍ണമെന്റുകളിലും ബന്ധപ്പെട്ടുള്ള ക്യാമ്പുകളില്‍ പരിശോധനയ്ക്ക് വേണ്ടി സാമ്പിളുകള്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഞങ്ങളെ തകര്‍ക്കുകയും അടിയറവ് പറയിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്റെ എല്ലാ വിലക്കുകളും പിന്‍വലിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നു’, പുനിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗുസ്തി താരവും ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്റംഗ് പുനിയയ്ക്ക് നാഡ നാല് വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് നാല് വര്‍ഷത്തേക്ക് പുനിയയെ നാഡ വിലക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റെ പദവി ഏറ്റെടുക്കുവാനോ പാടില്ല. നേരത്തെ ബിജെപി നേതാവ് ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരങ്ങളില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.