Uncategorized

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി, ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: തൃശ്ശൂരിൽ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവില്വാമല പാമ്പാടി ഗുരുതിയാന്‍ പറമ്പില്‍ ഷംസീര്‍, ഭാര്യ ഷഹാന എന്നിവരാണ് ഛര്‍ദിയെത്തുടര്‍ന്ന് ചികിത്സ തേടിയത്. തിരുവില്വാമല പിക് ആന്‍ഡ് മികസ് കഫെ ആന്‍ഡ് റസ്റ്റോറന്റില്‍നിന്നാണ് ഇവര്‍ ഷവര്‍മ കഴിച്ചത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ റസ്റ്റോറന്റില്‍ ചോദ്യം ചെയ്യാനെത്തിയത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിൽ ക്രമക്കേടുകള്‍ കണ്ടെത്തി. സ്ഥാപത്തിന് ജല പരിശോധനയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. അടുക്കളയുടെ ഭാഗത്ത് എലികളെയും പാറ്റകളെയും കണ്ടെത്തുകയും ചെയ്തു. തീയതി കഴിഞ്ഞ പാല്‍ പാക്കറ്റ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുന്നതിനും പിഴ ഈടാക്കുന്നതിനും അധികൃതർ നോട്ടീസ് നല്‍കി.

ചേലക്കര ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.വി. ആസാദ്, മണലൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. അരുണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. രാജിമോള്‍, ജെ.എച്ച്.ഐ. പി.എസ്. ജിന്‍ഷ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. ഷവര്‍മയുടെയും മയോണൈസിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനം നേരത്തെയും മൂന്നുതവണ അടച്ചിട്ടിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button