ഇത് അപ്ഡേറ്റഡ് വേർഷൻ; മുഖം മിനുക്കി എമിറേറ്റ്സ് എയർലൈൻസ്; എ350 വിമാനം സന്ദർശിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ ഏറ്റവും പുതിയ വിമാനമായ എ350 സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിമാനത്തിന് അകം ചുറ്റിക്കണ്ട ദുബായ് ഭരണാധികാരി എയര്‍ക്രാഫ്റ്റിലെ സൗകര്യങ്ങളും മറ്റും വിശകലനം ചെയ്തു.
യാത്രക്കാരനെ പോലെ സീറ്റില്‍ ഇരുന്ന് പരിശോധിച്ച അദ്ദേഹം കോക്പിറ്റിനുള്ളിലും സന്ദര്‍ശനം നടത്തി. സര്‍വീസ് തുടങ്ങാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. എമിറേറ്റ് എ350യുടെ ആദ്യത്തെ കൊമേഴ്സ്യല്‍ സര്‍വീസ് ജനുവരി മൂന്നിന് എഡിന്‍ബറോയിലേക്കാണ്. പിന്നീട് മിഡില്‍ ഈസ്റ്റിലെയും വെസ്റ്റ് ഏഷ്യയിലെയും എട്ട് നഗരങ്ങളിലേക്ക് കൂടി എ350 പറക്കും. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 65 എ350 കൂടി എമിറേറ്റ്സ് എയര്‍ലൈന്‍സിലേക്ക് പുതിയതായി ചേര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യാധുനിക സംവിധാനങ്ങളാണ് എ350 വിമാനത്തില്‍ ഒരുക്കിയിട്ടുള്ളത്. കുറച്ച് ഇന്ധനം മാത്രം വേണ്ടിവരുന്ന രീതിയിലാണ് വിമാനത്തിന്‍റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളത്. അതി നൂതന സൗകര്യങ്ങളുള്ള എയര്‍ക്രാഫ്റ്റില്‍ മൂന്ന് ക്ലാസുകളാണ് ഉള്ളത്. 312 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. 32 ബിസിനസ് ക്ലാസ് സീറ്റുകളും 21 പ്രീമിയം എക്കണോമി സീറ്റുകളും 259 എക്കണോമി ക്ലാസ് സീറ്റുകളും വിമാനത്തിലുണ്ട്.